മാഞ്ചസ്റ്റർ യുണൈറ്റഡിലെ പ്രതിസന്ധിഘട്ടത്തെക്കുറിച്ച് മനസ് തുറന്ന് ഡിയോഗോ ഡാലോട്ട്
മാഞ്ചസ്റ്റർ യുണൈറ്റഡിലെ തന്റെ കരിയറിലെ ഏറ്റവും പ്രയാസകരമായ കാലഘട്ടത്തെക്കുറിച്ച് തുറന്നുപറഞ്ഞ് താരം ഡിയോഗോ ഡാലോട്ട്. മുൻ പരിശീലകൻ ഒലെ ഗുണ്ണാർ സോൾഷെയറിന് കീഴിൽ അവസരങ്ങൾ ലഭിക്കാതെ പോയ ആ നാളുകൾ തന്നിലുണ്ടാക്കിയ മാനസിക സമ്മർദ്ദത്തെക്കുറിച്ച് ‘ദ പ്ലയേഴ്സ് ട്രിബ്യൂണി’ലെഴുതിയ ലേഖനത്തിലൂടെയാണ് താരം വ്യക്തമാക്കിയത്.
ആ കാലയളവിൽ എല്ലാ ടൂർണമെന്റുകളിലുമായി താൻ പത്ത് മത്സരങ്ങൾ മാത്രമാണ് കളിച്ചതെന്ന് ഡാലോട്ട് പറയുന്നു. ടീമിൽ ഇടം ലഭിക്കാതെ സ്റ്റേഡിയത്തിലെ ഗാലറിയിൽ ഇരിക്കാൻ തനിക്ക് വലിയ നാണക്കേട് തോന്നിയിരുന്നു. ഡയറക്ടേഴ്സ് ബോക്സിൽ ഇരിക്കുമ്പോൾ ആരാധകർ തന്നോട് എന്തുകൊണ്ട് കളിക്കുന്നില്ല എന്ന് ചോദിക്കുമായിരുന്നു. താൻ പരിക്കേറ്റവനായിരുന്നില്ല, മറിച്ച് പരിശീലകൻ തന്നെ തിരഞ്ഞെടുക്കുകയായിരുന്നില്ല. ആ ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ താൻ കുഴങ്ങിപ്പോയി.
ആ നാണക്കേട് കാരണം പിന്നീട് ഗാലറിയിൽ ഇരിക്കുന്നത് ഒഴിവാക്കി. പകരം ഡ്രസിങ് റൂമിലെ ടിവിയിൽ ഒറ്റയ്ക്ക് കളി കാണാൻ തുടങ്ങി. പോർച്ചുഗലിൽ നിന്ന് അമ്മ തനിക്കൊപ്പം വന്നിരുന്നെങ്കിലും വീട്ടിലെത്തിയാൽ താൻ അധികം സംസാരിക്കാറില്ലായിരുന്നു. താഴത്തെ നിലയിലേക്ക് മാറി പ്ലേസ്റ്റേഷനിൽ സമയം ചിലവഴിക്കുകയും, അമിതമായി ചിന്തിക്കുകയും മാത്രമായിരുന്നു ആ സമയത്തെ പ്രധാന വിനോദം.
പോർട്ടോയ്ക്ക് വേണ്ടി കളിക്കുമ്പോൾ താനൊരു വലിയ വാഗ്ദാനമായിരുന്നു. എന്നാൽ, ആ സമയത്ത് താൻ സബ്സ്റ്റിറ്റ്യൂട്ട് ബെഞ്ചിൽ പോലും ഉണ്ടായിരുന്നില്ല. തന്റെ കരിയറിലെ വിലപ്പെട്ട വർഷങ്ങൾ നഷ്ടപ്പെടുകയാണെന്നും, താൻ ഇവിടെ എന്ത് ചെയ്യുകയാണെന്നും അന്ന് താൻ ആകുലപ്പെട്ടിരുന്നുവെന്നും പോർച്ചുഗീസ് താരം വെളിപ്പെടുത്തി.

