അണ്ടർ-17 യൂറോപ്യൻ ഫുട്ബോൾ ചാമ്പ്യൻഷിപ്പ്: ബെൽജിയത്തെ തോൽപ്പിച്ച് ഇറ്റലിക്ക് കിരീടം
യൂറോപ്യൻ അണ്ടർ-17 ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ഫൈനലിൽ ബെൽജിയത്തെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി ഇറ്റലി കിരീടം ചൂടി. അവസാന നിമിഷം വരെ ആവേശം നിറഞ്ഞ പോരാട്ടത്തിനൊടുവിലാണ് അസൂറിപ്പടയുടെ വിജയം.
മത്സരത്തിന്റെ 85-ാം മിനിറ്റിൽ ഗോൾ നേടി ബെൽജിയം ലീഡ് സ്വന്തമാക്കിയതോടെ ഇറ്റലി തോൽവിയുടെ വക്കിലെത്തിയിരുന്നു. എന്നാൽ, കളി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ 90-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റിയ ഫുഗാസോള ഇറ്റലിക്കായി സമനില പിടിച്ചുവാങ്ങി.
ഇരുടീമുകളും മികച്ച പ്രതിരോധം കാഴ്ചവെച്ച മത്സരത്തിൽ ഈ ഗോൾ കളിയിൽ വലിയ വഴിത്തിരിവായി. തുടർന്ന് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി.
പെനാൽറ്റി ഷൂട്ടൗട്ടിൽ ബെൽജിയത്തിന്റെ മൂർത്താമെറിന്റെ കിക്ക് ക്രോസ്ബാറിൽ തട്ടി തെറിച്ചത് ഇറ്റലിക്ക് നിർണായക മുൻതൂക്കം നൽകി. പിന്നാലെ പെറില്ലോ വിജയഗോൾ കണ്ടെത്തിയതോടെ ഇറ്റലി ചാമ്പ്യന്മാരായി.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇറ്റലി നേടുന്ന രണ്ടാമത്തെ അണ്ടർ-17 യൂറോപ്യൻ ചാമ്പ്യൻഷിപ്പ് കിരീടമാണിത്. 2024-ലെ വിജയത്തിന് ശേഷം ടീം കൈവരിക്കുന്ന ഈ നേട്ടം അവരുടെ യുവനിരയുടെ കരുത്താണ് വിളിച്ചോതുന്നത്.

