ഇറാൻ ലോകകപ്പിൽ പങ്കെടുത്തതിൽ സന്തോഷമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ
ഇറാൻ വരാനിരിക്കുന്ന ലോകകപ്പിൽ പങ്കെടുക്കുന്നതിൽ തനിക്ക് വലിയ സന്തോഷമുണ്ടെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ വ്യക്തമാക്കി.
മെക്സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ലോകകപ്പ് ഉദ്ഘാടന മത്സരത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ വർഷം ആദ്യം ഇറാൻ ദേശീയ ടീമിനെ താൻ നേരിൽ കണ്ടിരുന്നെന്നും, പുറത്തുവന്ന അഭ്യൂഹങ്ങൾക്കിടയിലും അവരുടെ പങ്കാളിത്തത്തെക്കുറിച്ച് ഒരു ഘട്ടത്തിലും തനിക്ക് ആശങ്കയുണ്ടായിരുന്നില്ലെന്നും ഇൻഫാന്റിനോ പറഞ്ഞു.
“ഇറാനെക്കുറിച്ച് പറയുകയാണെങ്കിൽ, എനിക്ക് വലിയ സന്തോഷമുണ്ട്. ഈ വർഷം മാർച്ചിൽ തുർക്കിയിൽ വെച്ച് ഞാൻ ഇറാൻ ടീമിനെ കണ്ടിരുന്നു.”
“ഇറാൻ ലോകകപ്പിന് എത്തില്ലെന്ന് ആളുകൾ പറഞ്ഞിരുന്നു. അവർ വരുമെന്ന് ഞാൻ അവർക്ക് ഉറപ്പ് നൽകി. ഒരു ബസ്സിൽ ടെഹ്റാനിലേക്ക് പോയി അവരെ ഇങ്ങോട്ട് കൊണ്ടുവരണമെങ്കിൽ അതിനും ഞാൻ തയ്യാറായിരുന്നു. ആവശ്യമെങ്കിൽ ഞങ്ങൾ ബസ്സിൽ സ്വന്തമായി വന്നോളാം എന്നായിരുന്നു അവരുടെ മറുപടി.”
ഫുട്ബോളിന്റെയും അന്താരാഷ്ട്ര മത്സരങ്ങളുടെയും ചൈതന്യമാണ് ഇറാൻ ലോകകപ്പിൽ യോഗ്യത നേടിയതിലൂടെ പ്രതിഫലിക്കുന്നതെന്ന് ഇൻഫാന്റിനോ കൂട്ടിച്ചേർത്തു.
“ഞങ്ങൾ യോഗ്യത നേടി, ഞങ്ങൾക്ക് കളിക്കണം. ഇതാണ് ഫുട്ബോളിന്റെ ആത്മാവ്. വെല്ലുവിളികളുണ്ട്, കാര്യങ്ങൾ അത്ര എളുപ്പമല്ല. എങ്കിലും, സ്വാധീനം ചെലുത്താൻ കഴിയാത്ത ഇത്രയും പ്രതികൂല സാഹചര്യങ്ങളിൽ ഇറാൻ പങ്കാളിത്തം ഉറപ്പാക്കാൻ മറ്റാർക്ക് സാധിക്കുമെന്ന് എനിക്കറിയില്ല.”
തന്റെ സംതൃപ്തി ആവർത്തിച്ചുകൊണ്ട് അദ്ദേഹം സംസാരം അവസാനിപ്പിച്ചു.
“ഇറാൻ ടീമിനെ ഇവിടെ എത്തിക്കാൻ സാധിച്ചതിൽ എനിക്ക് വലിയ സന്തോഷമുണ്ട്. എന്റെ ടീമിന്റെ പ്രവർത്തനത്തിൽ ഞാൻ അഭിമാനിക്കുന്നു.”
രൂക്ഷമായ ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ, യു.എസ് യാത്രാ നിരോധനം, അമേരിക്കയുമായുള്ള വലിയ വീസ തർക്കം എന്നിവ കാരണം 2026 ഫിഫ ലോകകപ്പിൽ ഇറാൻ ദേശീയ ടീം വലിയ പ്രതിസന്ധികളെയാണ് നേരിട്ടത്.

