മോഹൻ ബഗാനിൽ ഇനി സമീർ സെൽക്കോവിച്ച്; രണ്ട് വർഷത്തെ കരാർ ഒപ്പിട്ടു
കൊൽക്കത്ത: ബോസ്നിയൻ ഫുട്ബോൾ താരവും മിഡ്‌ഫീൽഡറുമായ സമീർ സെൽക്കോവിച്ച് മോഹൻ ബഗാൻ സൂപ്പർ ജയന്റുമായി രണ്ട് വർഷത്തെ കരാറിൽ ഒപ്പിട്ടു. കഴിഞ്ഞ ഇന്ത്യൻ സൂപ്പർ ലീഗ് (ISL) സീസണിൽ പഞ്ചാബ് എഫ്‌സിക്ക് വേണ്ടി കാഴ്ചവെച്ച മികച്ച പ്രകടനമാണ് താരത്തെ മോഹൻ ബഗാനിലേക്ക് എത്തിച്ചത്.
പ്രധാനമായും സെൻട്രൽ ഡിഫൻസീവ് മിഡ്‌ഫീൽഡറായി കളിക്കുന്ന സമീർക്ക് സെൻട്രൽ ബാക്ക് ആയും മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കും. ഈ രണ്ട് പൊസിഷനുകളിലും ഒരേപോലെ തിളങ്ങാനുള്ള താരത്തിന്റെ കഴിവാണ് മോഹൻ ബഗാൻ മാനേജ്‌മെന്റിനെ അദ്ദേഹത്തിലേക്ക് ആകർഷിച്ചത്. ആറടി ഉയരമുള്ള 28-കാരനായ സമീർ, ആക്രമണങ്ങളിൽ സജീവമായി പങ്കുചേരാനും മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിക്കാനും മിടുക്കനാണ്.
ബോസ്നിയൻ പ്രീമിയർ ലീഗിലും ഉസ്ബെക്ക് ലീഗിലും പന്ത് തട്ടിയ താരം, താൻ കളിച്ച ടീമുകൾക്കെല്ലാം ഗോളുകളും അസിസ്റ്റുകളും നൽകി മികച്ച സംഭാവനയാണ് നൽകിയിട്ടുള്ളത്. 2025-26 സീസണിൽ രണ്ട് ഗോളുകൾ നേടുകയും മൂന്ന് ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്യാൻ സമീറിന് സാധിച്ചു.
മോഹൻ ബഗാനുമായുള്ള കരാറിന് ശേഷം താരം മനസ്സ് തുറന്നു. “ഇന്ത്യയിൽ എത്തിയത് മുതൽ മോഹൻ ബഗാന്റെ തുടർച്ചയായ വിജയങ്ങളെക്കുറിച്ച് ഞാൻ കേട്ടിട്ടുണ്ട്. വിവേകാനന്ദ യുവ ഭാരതി ക്രീരംഗനിൽ വെച്ച് അവർക്കെതിരെ കളിച്ചപ്പോൾ ആരാധകർക്ക് ടീമിനോടുള്ള സ്നേഹവും ആവേശവും നേരിട്ട് കണ്ടു,” സമീർ പറഞ്ഞു.
“നൂറ്റാണ്ടിലേറെ ചരിത്രമുള്ള ഇത്രയും വലിയ ക്ലബ്ബിനായി കളിക്കാൻ അവസരം ലഭിച്ചതിൽ അഭിമാനമുണ്ട്. മോഹൻ ബഗാൻ രാജ്യത്തെ ഏറ്റവും മികച്ച ക്ലബ്ബാണ്. പുതിയ സഹതാരങ്ങൾക്കൊപ്പം കൂടുതൽ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് ഞാൻ ഉറപ്പുനൽകുന്നു. കിരീടം നേടുക എന്ന ലക്ഷ്യത്തോടെയാണ് ഞാൻ കൊൽക്കത്തയിലേക്ക് വരുന്നത്. ഐഎസ്എൽ മാത്രമല്ല, സാധ്യമായ എല്ലാ ട്രോഫികളും നേടാനാണ് ഞാൻ ആഗ്രഹിക്കുന്നത്,” അദ്ദേഹം കൂട്ടിച്ചേർത്തു.

