ലെസ്റ്റർ സിറ്റിയിലേക്ക് മടങ്ങില്ലെന്ന് ജാമി വാർഡി
ലെസ്റ്റർ സിറ്റി ചാമ്പ്യൻഷിപ്പിലേക്ക് തരംതാഴ്ത്തപ്പെട്ടതിനെ തുടർന്ന് ഫ്രീ ഏജന്റായി ക്ലബ്ബ് വിട്ട ജാമി വാർഡി, വീണ്ടും ടീമിലേക്ക് മടങ്ങാനില്ലെന്ന് വ്യക്തമാക്കി. ഒരു വർഷത്തിന് ശേഷമാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്.
സീരി എ ക്ലബ്ബായ ക്രെമോനീസിയിൽ ചേർന്ന വെറ്ററൻ സ്ട്രൈക്കർ, ആ ടീമും രണ്ടാം ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെട്ടതോടെ വീണ്ടും ഫ്രീ ഏജന്റായി മാറുകയായിരുന്നു.
39-കാരനായ വാർഡി ലെസ്റ്ററിലേക്ക് തിരിച്ചെത്തുന്നത് ആരാധകർക്ക് വലിയ ആവേശമാകുമായിരുന്നുവെങ്കിലും, അത് സംഭവിക്കില്ലെന്ന് താരം ഉറപ്പിച്ചു പറയുന്നു.
തന്റെ പോഡ്കാസ്റ്റായ ‘ജെയിംസ് വാർഡി ഈസ് ഹാവിങ് എ പാർട്ടി’യിലൂടെയാണ് മുൻ ഇംഗ്ലണ്ട് താരം ഇക്കാര്യം വ്യക്തമാക്കിയത്. “അതൊക്കെ കഴിഞ്ഞുപോയി. ഞാൻ എപ്പോഴും അവരെ പിന്തുണയ്ക്കുകയും പിന്തുടരുകയും ചെയ്യും, ഇപ്പോൾ എനിക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യം അതാണ്,” അദ്ദേഹം പറഞ്ഞു.
വാർഡി ക്ലബ്ബ് വിട്ടതിന് ശേഷം ലെസ്റ്റർ സിറ്റി കൂടുതൽ പ്രതിസന്ധികളിലേക്ക് വീഴുകയും, അടുത്ത സീസണിൽ ലീഗ് വണ്ണിൽ കളിക്കാൻ ഒരുങ്ങുകയുമാണ്.

