ലോകകപ്പ് ഫുട്ബോൾ: ചെക്ക് റിപ്പബ്ലിക്കിനെ തകർത്ത് ദക്ഷിണ കൊറിയക്ക് തകർപ്പൻ വിജയം
2026 ലോകകപ്പ് ഫുട്ബോൾ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ചെക്ക് റിപ്പബ്ലിക്കിനെതിരെ ദക്ഷിണ കൊറിയക്ക് 2-1 എന്ന സ്കോറിൽ അവിസ്മരണീയ ജയം. മെക്സിക്കോയിലെ എസ്റ്റാഡിയോ അക്രോൺ സ്റ്റേഡിയത്തിലായിരുന്നു മത്സരം നടന്നത്.
മത്സരത്തിന്റെ 59-ാം മിനിറ്റിൽ ലോങ്ങ് ത്രോ-ഇന്നിൽ നിന്നും ലഭിച്ച പന്ത് ഹെഡ്ഡറിലൂടെ വലയിലാക്കി മിഡ്ഫീൽഡർ ലാഡിസ്ലാവ് ക്രെജ്സി ചെക്ക് റിപ്പബ്ലിക്കിന് ലീഡ് നൽകി. എന്നാൽ, എട്ടു മിനിറ്റിനുള്ളിൽ തന്നെ ദക്ഷിണ കൊറിയ തിരിച്ചടിച്ചു. 67-ാം മിനിറ്റിൽ ഹ്വാങ് ഇൻ-ബിയോം ഗോൾ നേടി ടീമിനെ ഒപ്പമെത്തിച്ചു.
80-ാം മിനിറ്റിൽ ഓ ഹ്യോൺ-ഗ്യു ദക്ഷിണ കൊറിയയുടെ വിജയഗോൾ കണ്ടെത്തി. ഹ്വാങ് ഇൻ-ബിയോം നൽകിയ കൃത്യമായ അസിസ്റ്റിൽ നിന്നായിരുന്നു ഈ ഗോൾ പിറന്നത്.
മത്സരത്തിന്റെ അവസാന നിമിഷം വരെ ലീഡ് നിലനിർത്താൻ സാധിച്ചതോടെ, ടൂർണമെന്റിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ തന്നെ ദക്ഷിണ കൊറിയ നിർണായകമായ മൂന്ന് പോയിന്റുകൾ സ്വന്തമാക്കി.

