ലോകകപ്പിന് തൊട്ടുമുമ്പ് ഇംഗ്ലണ്ട് ടീമിന്റെ പരിശീലന സാമഗ്രികൾ മോഷണം പോയി
ലോകകപ്പിനുള്ള ഇംഗ്ലീഷ് ഫുട്ബോൾ ടീമിന്റെ മുന്നൊരുക്കങ്ങൾക്ക് കനത്ത തിരിച്ചടി. കൻസാസ് സിറ്റിയിലെ ടീം ബേസിലേക്ക് കൊണ്ടുപോകുകയായിരുന്ന ഇംഗ്ലണ്ട് ടീമിന്റെ ബൂട്ടുകൾ, പരിശീലന പന്തുകൾ, മറ്റ് അവശ്യ ഉപകരണങ്ങൾ എന്നിവ അടങ്ങിയ ചരക്ക് മോഷണം പോയതായി റിപ്പോർട്ടുകൾ പുറത്തുവന്നു.
പ്രധാന താരങ്ങളുടെ ബൂട്ടുകൾ, ഔദ്യോഗിക ടൂർണമെന്റ് പന്തുകൾ, പരിശീലനത്തിന് ആവശ്യമായ നിർണ്ണായക വസ്തുക്കൾ എന്നിവയാണ് നഷ്ടപ്പെട്ടവയിൽ ഉൾപ്പെടുന്നത്. ബുധനാഴ്ച ക്രോയേഷ്യക്കെതിരെ നടക്കാനിരിക്കുന്ന ലോകകപ്പ് ഉദ്ഘാടന മത്സരത്തിന് മുന്നോടിയായി ഈ സാധനങ്ങൾ തിരികെ കണ്ടെത്താനും പകരമുള്ളവ ലഭ്യമാക്കാനും ടീം അധികൃതർ പെടാപ്പാട് പെടുകയാണ്. ഫ്ലോറിഡയിലെ പ്രീ-ടൂർണമെന്റ് ക്യാമ്പിൽ നിന്ന് ഇംഗ്ലണ്ട് ടീം ബേസിലേക്ക് ചരക്കുകൾ എത്തിക്കുന്നതിനിടെയാണ് മോഷണം നടന്നത്.
സംഭവത്തിൽ ഫുട്ബോൾ അസോസിയേഷൻ പ്രാദേശിക പൊലീസുമായി ചേർന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചരക്ക് ഗതാഗതത്തിൽ ഏർപ്പെട്ടവർക്ക് സംഭവത്തിൽ പങ്കുണ്ടോയെന്ന കാര്യത്തിലും അധികൃതർ പരിശോധന നടത്തുന്നുണ്ട്. അനാലിസിസ് ടൂളുകൾ, കോച്ചിംഗ് ഉപകരണങ്ങൾ, മസാജ് ടേബിളുകൾ എന്നിവയും നഷ്ടപ്പെട്ടവയിൽ ഉൾപ്പെടുന്നു. ലോകകപ്പിന് തയ്യാറെടുക്കുന്ന ഇംഗ്ലണ്ട് ടീമിന് ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

