close
ഞായറാഴ്‌ച, ജൂൺ 14
Advertisement

2026 ലോകകപ്പ്: ചരിത്രത്തിൽ ആദ്യമായി 48 ടീമുകൾ; പുതിയ ഫോർമാറ്റ് ഇങ്ങനെ

2026-ലെ ഫിഫ ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിൽ ഇടംപിടിക്കുന്നത് 48 രാജ്യങ്ങൾ പങ്കെടുക്കുന്ന ആദ്യ ടൂർണമെന്റ് എന്ന നിലയിലാണ്. ടീമുകളുടെ എണ്ണം വർധിച്ചതോടെ മത്സരങ്ങളുടെ എണ്ണം 64-ൽ നിന്ന് 104-ലേക്ക് ഉയർന്നു. ഇതോടൊപ്പം ടൂർണമെന്റിന്റെ ഘടനയിലും നിർണായകമായ മാറ്റങ്ങൾ ഫിഫ വരുത്തിയിട്ടുണ്ട്.

മുമ്പ് 32 ടീമുകൾ മാറ്റുരച്ചിരുന്നപ്പോൾ എട്ടു ഗ്രൂപ്പുകളിൽ നിന്ന് ആദ്യ രണ്ട് സ്ഥാനക്കാർ നോക്കൗട്ട് റൗണ്ടായ പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടുന്നതായിരുന്നു രീതി. എന്നാൽ, ഇപ്പോൾ 16 ടീമുകൾ അധികമായി എത്തുന്നതോടെ ഗ്രൂപ്പ് ഘട്ടത്തിൽ നാല് അധിക ഗ്രൂപ്പുകളും, നോക്കൗട്ട് റൗണ്ടിൽ ‘റൗണ്ട് ഓഫ് 32’ (1/16 ഫൈനൽസ്) എന്ന പുതിയ ഘട്ടവും ഉൾപ്പെടുത്തി.

ഗ്രൂപ്പുകളിൽ നിന്ന് ആദ്യ രണ്ട് സ്ഥാനക്കാർ മാത്രം യോഗ്യത നേടിയാൽ 24 ടീമുകൾ മാത്രമേ നോക്കൗട്ടിൽ എത്തുകയുള്ളൂ. അതിനാൽ, ബാക്കി എട്ടു ടീമുകളെ കണ്ടെത്താൻ യുവേഫ യൂറോ കപ്പിൽ പിന്തുടരുന്ന ‘ഏറ്റവും മികച്ച മൂന്നാം സ്ഥാനക്കാർ’ എന്ന രീതി ഫിഫ നടപ്പിലാക്കുന്നു.

Advertisement

ടീമുകളുടെ റാങ്കിങ് നിർണ്ണയിക്കാൻ താഴെ പറയുന്ന മാനദണ്ഡങ്ങൾ മുൻഗണനാക്രമത്തിൽ ഉപയോഗിക്കും:

  1. കൂടുതൽ പോയിന്റുകൾ
  2. മികച്ച ഗോൾ വ്യത്യാസം
  3. കൂടുതൽ ഗോളുകൾ നേടിയത്
  4. മികച്ച അച്ചടക്ക റെക്കോർഡ് (മഞ്ഞക്കാർഡ് – 1 പോയിന്റ്, ഇൻഡയറക്ട് ചുവപ്പുകാർഡ് – 3 പോയിന്റ്, നേരിട്ടുള്ള ചുവപ്പുകാർഡ് – 4 പോയിന്റ്, മഞ്ഞക്കാർഡും നേരിട്ടുള്ള ചുവപ്പുകാർഡും – 5 പോയിന്റ്)
  5. ഏറ്റവും പുതിയ ഫിഫ റാങ്കിങ്ങിലെ സ്ഥാനം

ഗ്രൂപ്പ് തലത്തിലെ സ്ഥാനങ്ങൾ നിർണ്ണയിക്കാനും ഇതേ മാനദണ്ഡങ്ങൾ ഉപയോഗിക്കും. എന്നാൽ, പോയിന്റ് തുല്യമായാൽ ഗ്രൂപ്പിലെ ടീമുകൾ തമ്മിലുള്ള മത്സരഫലത്തിനാണ് മുൻഗണന നൽകുക.

ഏറ്റവും മികച്ച എട്ട് മൂന്നാം സ്ഥാനക്കാർ നോക്കൗട്ടിലെത്തി, 12 ഗ്രൂപ്പ് വിജയികളിൽ എട്ടുപേരെ നേരിടും. ബാക്കി നാല് ഗ്രൂപ്പ് വിജയികൾ നോക്കൗട്ടിൽ അതത് ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരുമായി ഏറ്റുമുട്ടേണ്ടി വരും. ഫിഫ ഇതിനകം തന്നെ നോക്കൗട്ട് ബ്രാക്കറ്റ് തയ്യാറാക്കിയിട്ടുള്ളതിനാൽ ഏത് ഗ്രൂപ്പ് വിജയികളാണ് ഈ ഘട്ടത്തിൽ കളിക്കുന്നതെന്ന് നേരത്തെ തന്നെ അറിയാൻ സാധിക്കും.

ബ്രസീൽ, നെതർലാൻഡ്സ്, സ്പെയിൻ, അർജന്റീന തുടങ്ങിയ മുൻനിര ടീമുകൾക്ക് ആദ്യ നോക്കൗട്ട് റൗണ്ടിൽ തന്നെ ശക്തരായ എതിരാളികളെ നേരിടേണ്ടി വന്നേക്കാം. ഉദാഹരണത്തിന്, സ്പെയിൻ ഗ്രൂപ്പ് എച്ചിലും (H) അർജന്റീന ഗ്രൂപ്പ് ജെയിലും (J) രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യുകയാണെങ്കിൽ, അവർക്ക് ആദ്യ നോക്കൗട്ട് റൗണ്ടിൽ തന്നെ പരസ്പരം കളിക്കേണ്ടി വരും. ഇതേ സാഹചര്യം സി (C), എഫ് (F) ഗ്രൂപ്പുകൾക്കും ബാധകമാണ്.

നോക്കൗട്ട് ഘട്ടത്തിൽ അധികമായി ഒരു റൗണ്ട് ഉണ്ടെന്നതൊഴിച്ചാൽ, അടിസ്ഥാനപരമായ മാറ്റങ്ങളൊന്നുമില്ല. തുടർന്നുള്ള മത്സരങ്ങൾ പരമ്പരാഗത സിംഗിൾ-എലിമിനേഷൻ രീതിയിൽ തന്നെ നടക്കും.


Share.

Latest ISL, MLS, Saudi, Indian, Premier, Champions League, Laliga, football live News, Transfers, Lineups, Schedules, And Complete Match Results.