2026 ലോകകപ്പിൽ ബ്രസീലിന്റെ കരുത്ത് ടീം വർക്ക്: മത്യൂസ് കുഞ്ഞ
2026 ലോകകപ്പിൽ ബ്രസീലിന്റെ മുന്നേറ്റത്തിൽ ടീമിന്റെ ഒത്തൊരുമ നിർണായക പങ്കുവഹിക്കുമെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഫോർവേഡ് മത്യൂസ് കുഞ്ഞ അഭിപ്രായപ്പെട്ടു. ടീമിലെ ആക്രമണനിരയുടെ മികവിൽ തനിക്ക് വലിയ വിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വിനീഷ്യസ് ജൂനിയർ, റാഫിഞ്ഞ തുടങ്ങിയ താരങ്ങൾ ക്ലബ്ബ് തലത്തിൽ സ്ഥിരതയാർന്ന പ്രകടനമാണ് കാഴ്ചവെക്കുന്നതെന്ന് കുഞ്ഞ ചൂണ്ടിക്കാട്ടി. “അവർ ലോകോത്തര നിലവാരമുള്ള കളിക്കാരാണ്. തങ്ങളുടെ ക്ലബ്ബുകൾക്കായി എല്ലാ ദിവസവും അത് തെളിയിക്കുന്നവരാണ് ഇവർ. സമീപകാലത്തെ പ്രകടനങ്ങളിലൂടെ ലോകത്തെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായി അവർ മാറി. ഓരോ സീസണിലും മത്സരങ്ങളുടെ ഗതി മാറ്റാൻ അവർക്ക് പ്രത്യേക കഴിവുണ്ട്,” അദ്ദേഹം പറഞ്ഞു.
ടീമിലെ ആക്രമണനിരയുടെ പ്രാധാന്യത്തെക്കുറിച്ച് കാസിമെറോ നേരത്തെ നടത്തിയ പരാമർശങ്ങളെ കുഞ്ഞ പിന്തുണച്ചു. എങ്കിലും ടീം എന്ന നിലയിലുള്ള ഐക്യമാണ് ലോകകപ്പ് ലക്ഷ്യത്തിലെത്താൻ പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “നമുക്ക് മികച്ച കളിക്കാരുണ്ട്, പക്ഷേ ലക്ഷ്യങ്ങൾ നേടാൻ നമ്മൾ ഒറ്റക്കെട്ടായി നിലകൊള്ളണം,” കുഞ്ഞ വ്യക്തമാക്കി.
എൻഡ്രിക്ക് ഉൾപ്പെടെയുള്ള ടീമിലെ യുവതാരങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. എൻഡ്രിക്കിന്റെ കഠിനാധ്വാനത്തെയും വളർച്ചയെയും അദ്ദേഹം പ്രശംസിച്ചു. “എൻഡ്രിക്ക് വളരെ കഴിവുള്ള ഒരു ചെറുപ്പക്കാരനാണ്, എല്ലാ ദിവസവും അവൻ കഠിനമായി പരിശ്രമിക്കുന്നു. റയാനെപ്പോലെ തന്നെ ടീമിലെ മികച്ചൊരു പ്രതീക്ഷയാണ് അവനും,” കുഞ്ഞ പറഞ്ഞു.
പ്രധാന കളിക്കാർക്ക് പരിക്കേറ്റത് ടീമിനെ ബാധിക്കുമെങ്കിലും, ബ്രസീലിന്റെ കളിത്തട്ടിൽ പ്രതിഭകൾക്ക് ഒട്ടും കുറവില്ലെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. “പരിക്കേറ്റ കളിക്കാർ ദീർഘകാലമായി ടീമിനൊപ്പമുള്ളവരാണ്, അവരുടെ അഭാവം തീർച്ചയായും ഉണ്ടാകും. എങ്കിലും മികച്ച താരങ്ങളെ വാർത്തെടുക്കുന്നതിൽ ബ്രസീൽ എന്നും മുന്നിലാണ്. എല്ലാ പൊസിഷനുകളിലും പകരം മികച്ച താരങ്ങൾ നമുക്കുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.

