2026 ഫിഫ ലോകകപ്പിൽ ഇറാൻ ടീം നേരിടുന്ന പ്രതിസന്ധികൾക്കിടെ, ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ അപ്രതീക്ഷിതമായി ടീമിന്റെ ഡ്രസ്സിംഗ് റൂമിലെത്തി. ലോസ് ഏഞ്ചൽസിൽ ന്യൂസിലാൻഡിനെതിരായ മത്സരം 2-2 സമനിലയിൽ അവസാനിച്ചതിന് പിന്നാലെയായിരുന്നു സന്ദർശനം. ടീമിനെ ബാധിച്ചിരിക്കുന്ന വിസ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇടപെടാമെന്ന് ഇൻഫാന്റിനോ കളിക്കാർക്ക് ഉറപ്പുനൽകി.
കടുപ്പമേറിയ സാഹചര്യങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ച ടീമിനെ ഇൻഫാന്റിനോ അഭിനന്ദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ടൂർണമെന്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അദ്ദേഹം കളിക്കാരോട് ആവശ്യപ്പെട്ടു.
“നിങ്ങൾ ചരിത്രം കുറിക്കുകയാണ്, ലോകം മുഴുവൻ നിങ്ങളെ ഉറ്റുനോക്കുന്നു,” ഇൻഫാന്റിനോ പറഞ്ഞു. “ലോകകപ്പിൽ നിങ്ങൾ ഉണ്ടെന്നും, ഇനി രണ്ട് മത്സരങ്ങൾ കൂടി ബാക്കിയുണ്ടെന്നും കുടുംബത്തോടും സുഹൃത്തുക്കളോടും നിങ്ങളുടെ ജനങ്ങളോടും ലോകത്തോടും നിങ്ങൾ തെളിയിച്ചു കഴിഞ്ഞു. വരാനിരിക്കുന്ന മത്സരങ്ങളിലും ലോകത്തെ മുഴുവൻ അഭിമാനിക്കാൻ നിങ്ങൾ ഇടയാക്കും.”
“നിങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ എനിക്കറിയാം. എന്നാൽ എന്തിനേക്കാളും കരുത്തരാണ് നിങ്ങൾ. ലോകത്തിന് നിങ്ങൾ നൽകുന്നത് ശക്തമായ സന്ദേശമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു. “നിങ്ങളുടെ ജനങ്ങൾക്കും കുടുംബങ്ങൾക്കും ആരാധകർക്കും വേണ്ടി ഹൃദയം കൊണ്ട് കളിക്കുന്നത് തുടരുക.”
ഇൻഫാന്റിനോയോട് പരാതി പറഞ്ഞ് ഇറാൻ
മത്സരശേഷം, ഇൻഫാന്റിനോ ഡ്രസ്സിംഗ് റൂമിലെത്തിയ കാര്യം ഇറാൻ ക്യാപ്റ്റൻ മെഹ്ദി തരേമി സ്ഥിരീകരിച്ചു. ടീം നേരിടുന്ന യാത്രാ സംബന്ധമായതും ഭരണപരമായതുമായ ബുദ്ധിമുട്ടുകൾ അവർ അദ്ദേഹത്തോട് വിശദീകരിച്ചു.
ടൂർണമെന്റിന് മുന്നോടിയായുള്ള യാത്രാ ക്രമീകരണങ്ങളിലും ഇമിഗ്രേഷൻ നടപടികളിലും ഉണ്ടായ പിഴവുകൾ കാരണം തങ്ങളുടെ തയ്യാറെടുപ്പുകൾ ദുരന്തസമാനമായിരുന്നുവെന്ന് നേരത്തെ തരേമി വ്യക്തമാക്കിയിരുന്നു.
ആദ്യം അരിസോണയിലെ ടക്സണിൽ തങ്ങാനായിരുന്നു തീരുമാനമെങ്കിലും, ഇമിഗ്രേഷൻ പ്രശ്നങ്ങൾ ഭയന്ന് ആ പദ്ധതി ഒഴിവാക്കി. പകരം മെക്സിക്കോയിലെ തിജുവാനയിലേക്ക് കേന്ദ്രം മാറ്റുകയും, ഓരോ മത്സരത്തിന് തൊട്ടുമുമ്പ് മാത്രം അമേരിക്കയിലേക്ക് പറക്കുന്ന രീതിയുമാണ് ടീം സ്വീകരിച്ചത്.
ഈ ആശങ്കകൾ ശരിവെക്കുന്നതായിരുന്നു പിന്നീടുണ്ടായ സംഭവങ്ങൾ. മെക്സിക്കോയിൽ എത്തിയതിന് പിന്നാലെ ഇറാൻ സപ്പോർട്ട് സ്റ്റാഫിലെ 15 പേർക്ക് അമേരിക്കൻ വിസ നിഷേധിക്കപ്പെട്ടു. പിന്നീട് ചിലർക്ക് അനുമതി ലഭിച്ചെങ്കിലും, 11 പേർക്ക് ഇപ്പോഴും യാത്ര ചെയ്യാൻ സാധിച്ചിട്ടില്ല.
സഹായം വാഗ്ദാനം ചെയ്ത് ഫിഫ
വിസ തടസ്സം നേരിടുന്നവർക്ക് സഹായം ലഭ്യമാക്കാനും യാത്രാ ക്രമീകരണങ്ങൾ സുഗമമാക്കാനും ഫിഫ സാധ്യമായതെല്ലാം ചെയ്യുമെന്ന് ഇൻഫാന്റിനോ ഉറപ്പുനൽകിയതായി റിപ്പോർട്ടുകളുണ്ട്.
ബെൽജിയം, ഈജിപ്ത് എന്നിവർക്കെതിരായ വരാനിരിക്കുന്ന ഗ്രൂപ്പ് ജി മത്സരങ്ങളിൽ കൂടുതൽ സ്റ്റാഫ് അംഗങ്ങൾക്ക് ടീമിനൊപ്പം ചേരാൻ കഴിയുമെന്ന് ഇൻഫാന്റിനോ ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്.
നിലവിൽ മീഡിയ ഓഫീസർമാർ, അനലിസ്റ്റുകൾ, ഫെഡറേഷൻ പ്രസിഡന്റ് മെഹ്ദി താജ് എന്നിവരില്ലാതെയാണ് ടീം പ്രവർത്തിക്കുന്നത്.
