2026 ലോകകപ്പിൽ ജർമ്മനിയും കുരക്കാവോയും തമ്മിലുള്ള മത്സരത്തിനിടെ വംശീയ അധിക്ഷേപകരമായ കൈചലനം നടത്തിയെന്നാരോപിക്കപ്പെട്ട ഓസ്‌ട്രേലിയൻ വീഡിയോ അസിസ്റ്റന്റ് റഫറി ഷോൺ ഇവാന്‍സിനെ ഫിഫ കുറ്റവിമുക്തനാക്കി.
ജർമ്മനി 7-1ന് കുരക്കാവോയെ തോൽപ്പിച്ച മത്സരത്തിന് തൊട്ടുമുമ്പാണ് വിവാദ സംഭവം നടന്നത്. ഡാളസിലെ വിഎആർ സെന്ററിൽ ഒഫീഷ്യലുകൾ ജോലി ചെയ്യുന്നതിനിടെ, സപ്പോർട്ട് വിഎആർ ആയിരുന്ന ഇവാൻസ് കൈകൊണ്ട് ‘ഒകെ’ ചിഹ്നം തലകീഴായി കാണിക്കുന്ന ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യപ്പെട്ടു.
ഇത് സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചു. ഈ കൈചലനം തീവ്ര വലതുപക്ഷ, വംശീയ വിഭാഗങ്ങൾ ഉപയോഗിക്കുന്ന ചിഹ്നമാണെന്ന് ചൂണ്ടിക്കാട്ടി ഫിഫയുടെ വിവേചന വിരുദ്ധ നിരീക്ഷകരായ ‘ഫെയർ നെറ്റ്‌വർക്ക്’ (Fare) ഇവാന്‍സിനെ ടൂർണമെന്റിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു.
ഈ ഉദ്യോഗസ്ഥന് ഇനി ഈ ലോകകപ്പിൽ തുടരാൻ അർഹതയില്ലെന്നും, അദ്ദേഹം കാണിച്ചത് നവ-നാസി പ്രതീകമാണെന്നും ഫെയർ ആരോപിച്ചിരുന്നു.
പെരുമാറ്റച്ചട്ട ലംഘനമില്ലെന്ന് ഫിഫ
വിഷയം പരിശോധിച്ച ഫിഫയുടെ സ്വതന്ത്ര അച്ചടക്ക സമിതി, ഇവാൻസ് ഫിഫയുടെ പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്ന് കണ്ടെത്തി.
“സപ്പോർട്ട് വീഡിയോ അസിസ്റ്റന്റ് റഫറി ഷോൺ ഇവാൻസ് ഉൾപ്പെട്ട വിഷയം പരിശോധിച്ചതിൽ, ഫിഫയുടെ അച്ചടക്ക ചട്ടം ലംഘിച്ചതിന് തെളിവുകളില്ലെന്ന് അച്ചടക്ക സമിതി സ്ഥിരീകരിക്കുന്നു,” സമിതി പ്രസ്താവനയിൽ അറിയിച്ചു.
ഇവാൻസ് നൽകിയ വിശദീകരണവും സമിതി പരിഗണിച്ചിട്ടുണ്ട്.
ആ കൈചലനം ബോധപൂർവമായിരുന്നില്ലെന്നും ഒരു ആശയമോ നിലപാടോ പ്രചരിപ്പിക്കാൻ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
“ഒരു ആശയമോ നിലപാടോ വിശ്വാസമോ പ്രകടിപ്പിക്കാൻ ഞാൻ ബോധപൂർവം കൈചലനം നടത്തിയിട്ടില്ല,” ഫിഫ വഴി പുറത്തുവിട്ട പ്രസ്താവനയിൽ ഇവാൻസ് പറഞ്ഞു.
“അതൊരു അറിയാതെ സംഭവിച്ച ശാരീരിക ചലനം മാത്രമാണ്. അപ്പോൾ ഞാനത് ചെയ്തിരുന്നുവെന്ന് പോലും അറിഞ്ഞിരുന്നില്ല. പിന്നീട് മത്സരത്തിനിടെ പേന പിടിച്ചിരിക്കുമ്പോൾ പലതവണ ഞാൻ ആ ചലനം ആവർത്തിക്കുന്നത് ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതൊരു വലിയ വിവാദമായതിൽ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായങ്ങളല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സാധാരണയായി ‘ഒകെ’ ചിഹ്നം പല സന്ദർഭങ്ങളിൽ ഉപയോഗിക്കാറുണ്ട്. കുട്ടികളുടെ കളികളിലും മറ്റും ഇത് സാധാരണമാണ്. എന്നാൽ 2019 മുതൽ, തീവ്ര വലതുപക്ഷ വിഭാഗങ്ങൾ ഇത് ഉപയോഗിക്കുന്നതിനാൽ ‘ആന്റി ഡിഫമേഷൻ ലീഗ്’ ഇതിനെ വിദ്വേഷ ചിഹ്നങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
48 ടീമുകൾ പങ്കെടുക്കുന്ന ലോകകപ്പിന്റെ തുടക്കത്തിൽ തന്നെ ഈ സംഭവം ഫിഫയ്ക്ക് വലിയ തലവേദനയായിരുന്നു. കൂടുതൽ കർശന നടപടി വേണമെന്ന് ഫെയർ ആവശ്യപ്പെട്ടെങ്കിലും, കുറ്റക്കാരനാണെന്ന് തെളിയിക്കാൻ മതിയായ തെളിവുകളില്ലാത്തതിനാലാണ് ഫിഫ ഇവാന്‍സിനെ കുറ്റവിമുക്തനാക്കിയത്.
2022 ഖത്തർ ലോകകപ്പിലും വിഎആർ ഒഫീഷ്യലായി പ്രവർത്തിച്ചിട്ടുള്ള ഓസ്‌ട്രേലിയൻ റഫറിയാണ് ഇവാൻസ്. ഫിഫയുടെ നിലവിലെ ഉത്തരവോടെ അദ്ദേഹം കുറ്റവിമുക്തനായി തുടരും.

