ലമീൻ യമാൽ ലോകോത്തര താരം, പിന്തുണയുമായി ഡാനി ഓൾമോ
സ്പെയിൻ താരം ലമീൻ യമാൽ ലയണൽ മെസ്സി, എർലിങ് ഹാലൻഡ്, ഹാരി കെയ്ൻ, കിലിയൻ എംബാപ്പെ തുടങ്ങിയ ലോകോത്തര താരങ്ങളുടെ നിലവാരത്തിലുള്ള കളിക്കാരനാണോ എന്ന ചോദ്യത്തിന് മറുപടിയുമായി സ്പാനിഷ് മിഡ്ഫീൽഡർ ഡാനി ഓൾമോ രംഗത്തെത്തി.
“ലമീൻ ഒരു ലോകോത്തര താരമാണ്. പരിശീലനത്തിലും കളിക്കളത്തിലും താൻ ആരാണെന്ന് അവൻ തെളിയിക്കുന്നുണ്ട്. അവനെ ആ പട്ടികയിൽ ഉൾപ്പെടുത്തണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്. എന്നാൽ അവനെക്കുറിച്ച് എനിക്ക് ഒരു സംശയവുമില്ല,” ഓൾമോ പറഞ്ഞു.
യമാലുമായുള്ള തന്റെ കൂട്ടുകെട്ടിനെക്കുറിച്ച് ഓൾമോ പറയുന്നത് ഇങ്ങനെ: “ഞങ്ങൾ തമ്മിൽ അധികം സംസാരിക്കാറില്ല. കളിയിലെ കാര്യങ്ങൾ മാത്രമാണ് പങ്കുവെക്കാറുള്ളത്. എന്നാൽ ഒന്നു നോക്കിയാൽ തന്നെ ഞങ്ങൾ പരസ്പരം മനസ്സിലാക്കും. വളരെ കാലമായി ഞങ്ങൾ ഒരുമിച്ച് കളിക്കുന്നു. അവന് എന്താണ് ഇഷ്ടമെന്നും എന്തിലാണ് അവന് താൽപ്പര്യമെന്നും എനിക്കറിയാം. അവൻ വൺ-ഓൺ-വൺ മാത്രമല്ല, വൺ-ഓൺ-ടു സാഹചര്യങ്ങളിലും മിടുക്കനാണ്. അവന് കൂടുതൽ ഇടം നൽകാൻ ഞാൻ ശ്രമിക്കാറുണ്ട്. ചിലപ്പോൾ വൺ-ടു പാസുകൾക്കായി ഞാൻ അവനടുത്തേക്ക് നീങ്ങും. എപ്പോഴും അവന് എന്റെ പൂർണ്ണ പിന്തുണയുണ്ടാകും.”
സൗദി അറേബ്യക്കെതിരായ മത്സരത്തിൽ തന്റെ ആദ്യ ലോകകപ്പ് ഗോൾ നേടിയ ലമീൻ യമാൽ, ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഉറുഗ്വേയ്ക്കെതിരെയും മികച്ച പ്രകടനം പുറത്തെടുക്കാനുള്ള തയ്യാറെടുപ്പിലാണ്.

