ലോകകപ്പ് ഫുട്ബോളിന്റെ ചരിത്രത്തിൽ നോക്കൗട്ട് റൗണ്ടിലെത്തുന്ന ഏറ്റവും ചെറിയ രാജ്യമായി കേപ് വേർഡ് മാറി. സൗദി അറേബ്യക്കെതിരായ നിർണായക മത്സരം സമനിലയിൽ കലാശിച്ചതോടെയാണ് ഈ ആഫ്രിക്കൻ കൊച്ചുരാജ്യം ലോകകപ്പിന്റെ അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടിയത്. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളും സമനിലയിൽ പിടിച്ചാണ് കേപ് വേർഡ് ഈ അത്ഭുത നേട്ടം കൈവരിച്ചത്.
നാല്പതുകാരനായ ഗോൾകീപ്പർ വോസിഞ്ഞയുടെ തകർപ്പൻ പ്രകടനമാണ് ടീമിന് തുണയായത്. സ്പെയിനിനെയും ഉറുഗ്വായെയും പോലെയുള്ള വമ്പന്മാരെ പോലും സമനിലയിൽ തളക്കാൻ കേപ് വേർഡിന് സാധിച്ചു. “ഞങ്ങൾ ചെറിയ രാജ്യമാണെങ്കിലും ഞങ്ങൾക്ക് വലിയ സ്വപ്നങ്ങളും പോരാട്ടവീര്യവുമുണ്ട്,” എന്നാണ് മത്സരശേഷം ടീം കോച്ച് ബുബിസ്റ്റ പ്രതികരിച്ചത്. ആകെ അഞ്ച് ലക്ഷത്തിൽ താഴെ മാത്രം ജനസംഖ്യയുള്ള കേപ് വേർഡ് തങ്ങളുടെ കന്നി ലോകകപ്പിൽ തന്നെ ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.
ജൂലൈ മൂന്നിന് മിയാമിയിൽ നടക്കുന്ന പ്രീ ക്വാർട്ടർ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയാണ് കേപ് വേർഡിന്റെ എതിരാളികൾ. സൗദി അറേബ്യക്കെതിരായ മത്സരത്തിൽ മികച്ച സേവുകളിലൂടെ വോസിഞ്ഞ ടീമിനെ രക്ഷിച്ചപ്പോൾ, സ്പെയിൻ-ഉറുഗ്വായ് മത്സരഫലം കൂടി അനുകൂലമായതോടെ കേപ് വേർഡിന്റെ നോക്കൗട്ട് പ്രവേശനം യാഥാർഥ്യമായി. ഗ്രൂപ്പിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് പോയിന്റ് മാത്രം നേടിയ സൗദി അറേബ്യ ടൂർണമെന്റിൽ നിന്ന് പുറത്തായി.

