ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലെത്തുന്ന ഏറ്റവും ചെറിയ രാജ്യമായി കേപ്പ് വെർദെ ചരിത്രം കുറിച്ചു. ഗ്രൂപ്പ് എച്ചിൽ രണ്ടാം സ്ഥാനക്കാരായാണ് ഈ അറ്റ്ലാന്റിക് ദ്വീപ് രാജ്യം മുന്നേറിയത്. പ്രീ-ക്വാർട്ടറിൽ ലയണൽ മെസ്സിയുടെ അർജന്റീനയാണ് കേപ്പ് വെർദെയുടെ എതിരാളികൾ. സൗദി അറേബ്യക്കെതിരായ അവസാന ഗ്രൂപ്പ് മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചെങ്കിലും കേപ്പ് വെർദെ ചരിത്ര നേട്ടം സ്വന്തമാക്കുകയായിരുന്നു.
ഗ്രൂപ്പ് ഘട്ടത്തിൽ ഒരു മത്സരം പോലും തോൽക്കാതെയാണ് കേപ്പ് വെർദെയുടെ കുതിപ്പ്. സ്പെയിനിനെതിരായ ആദ്യ മത്സരം ഗോൾരഹിത സമനിലയിൽ പിടിച്ചുകെട്ടിയതിൽ ഗോൾകീപ്പർ വോസിന്യയുടെ പ്രകടനം നിർണ്ണായകമായിരുന്നു. തുടർന്ന് നടന്ന രണ്ടാം മത്സരത്തിൽ ഉറുഗ്വേയുമായി 2-2 സമനിലയും വഴങ്ങി.
Also Read: ഇറാൻ ക്യാപ്റ്റൻ മെഹ്ദി തരേമി ഫിഫയ്ക്കും ജിയാനി ഇൻഫാന്റിനോയ്ക്കുമെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത്: ‘ലോകകപ്പ് ഒരു ദുരന്തമാണ്’
‘അർജന്റീനയ്ക്കും ലയണൽ മെസ്സിക്കുമെതിരെ കളിക്കുക എന്നത് ഏതൊരു ഫുട്ബോൾ താരത്തിന്റെയും സ്വപ്നമാണ്’
നോക്കൗട്ട് മത്സരത്തെക്കുറിച്ച് വോസിന്യ പറഞ്ഞതിങ്ങനെ: “ഇതൊന്നും ഞങ്ങൾ സ്വപ്നം കണ്ടിരുന്നില്ല, പക്ഷേ ഞങ്ങൾക്ക് കഴിവുണ്ടെന്ന് ഞങ്ങൾക്കറിയാം. ഞങ്ങൾ ലോകകപ്പിന് യോഗ്യത നേടിയപ്പോൾ പലരും കരുതിയത് ഒരു മത്സരം പോലും ജയിക്കാൻ കഴിയില്ലെന്നായിരുന്നു. മികച്ച ടീമും മികച്ച താരങ്ങളും ഞങ്ങൾക്കുണ്ട്. അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടിയതും അർജന്റീനയെ നേരിടാൻ പോകുന്നതും വലിയ കാര്യമാണ്. അർജന്റീനയ്ക്കും ലയണൽ മെസ്സിക്കുമെതിരെ കളിക്കുക എന്നത് ഏതൊരു ഫുട്ബോൾ താരത്തിന്റെയും സ്വപ്നമാണ്.”
തന്റെ നാട്ടിലെ ഭാവി തലമുറയ്ക്ക് പ്രചോദനമാകാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു: “ഞങ്ങൾ ചെറിയൊരു രാജ്യത്ത് നിന്നുള്ളവരാണ്, എങ്കിലും എങ്ങനെ മത്സരിക്കണമെന്ന് ഞങ്ങൾക്കറിയാം. കേപ്പ് വെർദെ താരങ്ങൾക്ക് നിലവാരമില്ലെന്നാണ് ഭൂരിഭാഗം പേരും കരുതിയത്. എന്നാൽ ഏത് വലിയ മത്സരത്തിലും ഞങ്ങൾക്ക് പൊരുതി നിൽക്കാൻ കഴിയുമെന്ന് ഞങ്ങൾ തെളിയിച്ചു.”
“വളരെ ബുദ്ധിമുട്ടുകൾ നിറഞ്ഞ സാഹചര്യത്തിലാണ് ഞങ്ങൾ വളർന്നത്. മാതാപിതാക്കളും മുത്തശ്ശീമുത്തശ്ശന്മാരും ത്യാഗം ചെയ്യാൻ ഞങ്ങളെ പഠിപ്പിച്ചു. കേപ്പ് വെർദെ ജനങ്ങളുടെ പോരാട്ടവീര്യവും രാജ്യത്തോടുള്ള സ്നേഹവും ഞങ്ങൾ തെളിയിച്ചു. ലോകമെമ്പാടുമുള്ള കേപ്പ് വെർദെ നിവാസികളെ പ്രതിനിധീകരിക്കാൻ ഞങ്ങൾ ഇവിടെയുണ്ട്. ഞങ്ങൾ പോരാളികളാണ്.”
“കുട്ടികൾ ഞങ്ങളെക്കണ്ട് കരയുമ്പോൾ അത് വാക്കുകൾക്ക് അതീതമായ വികാരമാണ്. ആ കുട്ടികൾക്കും മറ്റുള്ളവർക്കും ഒരു മാതൃകയാകാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ഭാവിയിൽ സ്റ്റോപ്പിറയെയും റയാൻ മെൻഡസിനെയും പോലെ കേപ്പ് വെർദെ ദേശീയ ടീമിലെ താരങ്ങളെപ്പോലെ ആകണമെന്ന് ആഗ്രഹിക്കുന്ന ഒരു തലമുറ ഇവിടെ വളർന്നു വന്നേക്കാം.”
