2026 ലോകകപ്പിനായി വലിയ പ്രതീക്ഷയോടെ സ്പെയിൻ; മനസ്സ് തുറന്ന് അലക്സ് ബയീന
2026 ഫിഫ ലോകകപ്പിനായുള്ള തയ്യാറെടുപ്പിലാണ് സ്പെയിൻ ദേശീയ ടീമെന്നും, വലിയ നേട്ടങ്ങൾ കൈവരിക്കാനുള്ള ആവേശവും ആഗ്രഹവുമാണ് ടീമിനുള്ളതെന്നും സ്പാനിഷ് മിഡ്ഫീൽഡർ അലക്സ് ബയീന പറഞ്ഞു.
ക്ലബ്ബ് തലത്തിൽ മികച്ച ഫോമിലല്ലായിരുന്ന സമയത്തും പരിശീലകൻ ലൂയിസ് ഡി ലാ ഫ്യൂന്റെ നൽകിയ വിശ്വാസം തന്നെ സഹായിച്ചിട്ടുണ്ടെന്ന് താരം വ്യക്തമാക്കി. സീസണിലുടനീളം അന്തിമ ടീമിൽ ഇടംപിടിക്കാനാകുമോ എന്ന ചെറിയൊരു ആശങ്ക താരങ്ങൾക്കിടയിൽ സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.
“ക്ലബ്ബ് തലത്തിൽ എപ്പോഴും 100 ശതമാനം ഫോമിൽ ആയിരുന്നില്ല എന്നതുകൊണ്ട് ചെറിയൊരു ഭയം എനിക്കുണ്ടായിരുന്നു. എന്നാൽ പരിശീലകൻ എന്നിൽ അർപ്പിച്ച വിശ്വാസം എനിക്ക് വലിയ കരുത്തായി. അവസരം ലഭിച്ചപ്പോഴെല്ലാം മികച്ച പ്രകടനം പുറത്തെടുക്കാൻ ഞാൻ പരമാവധി ശ്രമിച്ചു. ടീമിന് വേണ്ടി സംഭാവന നൽകാൻ താൻ യോഗ്യനാണെന്ന് കഴിഞ്ഞ മാസങ്ങളിലെ പ്രകടനത്തിലൂടെ തെളിയിക്കാനായി,” ബയീന പറഞ്ഞു.
പ്രധാന ടൂർണമെന്റുകൾക്ക് മുന്നോടിയായുള്ള ഈ ദിവസങ്ങൾ വലിയ വികാരങ്ങളാണ് ടീമിൽ നിറയ്ക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. “ഇവിടെ എത്തിയതിൽ എനിക്ക് സന്തോഷമുണ്ട്, എന്നാൽ ഞങ്ങളെല്ലാവരും ചെറിയൊരു സമ്മർദ്ദവും അനുഭവിക്കുന്നുണ്ട്,” ബയീന കൂട്ടിച്ചേർത്തു.

