ലിവർപൂൾ താരങ്ങൾക്ക് പുതിയ തുടക്കം; എല്ലാവർക്കും അവസരം നൽകുമെന്ന് പരിശീലകൻ അൻഡോണി ഇറാള
പ്രീ-സീസണിന്റെ ആദ്യ ദിവസം മുതൽ എല്ലാ ലിവർപൂൾ താരങ്ങൾക്കും പുതിയൊരു തുടക്കമായിരിക്കുമെന്ന് പരിശീലകൻ അൻഡോണി ഇറാള വ്യക്തമാക്കി. ടീമിലെ എല്ലാവർക്കും താൻ തുല്യമായ അവസരം നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
“പ്രീമിയർ ലീഗിലെ ടീമിനെ കുറിച്ച് കൃത്യമായ ധാരണയുള്ളതിനാൽ ജോലി എനിക്ക് എളുപ്പമായിരിക്കും,” ലിവർപൂളിന്റെ ഔദ്യോഗിക വെബ്‌സൈറ്റിനോട് സംസാരിക്കവെ പുതിയ പരിശീലകൻ വ്യക്തമാക്കി.
“ഞങ്ങൾ ലിവർപൂളിന്റെ കരുത്തും ബലഹീനതകളും ഇതിനകം വിശകലനം ചെയ്തു കഴിഞ്ഞു. നിലവിൽ നമുക്ക് വളരെ മികച്ചൊരു സ്‌ക്വാഡ് തന്നെയുണ്ട്. എല്ലാ ക്ലബ്ബുകളിലും ഈ സമയത്ത് നടക്കാറുള്ളതുപോലെ ടീമിൽ ഇനിയും ചില കാര്യങ്ങൾ ചെയ്യാനുണ്ട്.”
“എന്നാൽ ഇപ്പോൾ എന്റെ പ്രധാന ലക്ഷ്യം ടീമിലുള്ള കളിക്കാരെ വിലയിരുത്തുക എന്നതാണ്.”
“എല്ലാ താരങ്ങളോടും ഞാൻ പറയുന്ന കാര്യമിതാണ്; നിങ്ങളെല്ലാവരും ക്ലബ്ബിലേക്ക് പുതുതായി എത്തിയവരാണ്. ടീമിൽ മികച്ച നിലവാരമുള്ള കളിക്കാരുണ്ട്. അവരോടൊപ്പം പ്രവർത്തിക്കാൻ ഞാൻ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.”
“നേരത്തെ മിലോസ് കെർക്കെസിനെ മാത്രമാണ് എനിക്ക് പരിചയമുണ്ടായിരുന്നത്. ചില താരങ്ങളുമായി ഞാൻ സംസാരിച്ചിട്ടുണ്ട്. മിലോസിനൊപ്പം വീണ്ടും പ്രവർത്തിക്കാനും അവന്റെ കളി മെച്ചപ്പെടുത്താനും സഹായിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. അതിനായി ഞാൻ കാത്തിരിക്കുകയാണ്.”

