ട്രാൻസ്ഫർ വിപണിയിൽ ആഴ്‌സണൽ: മോർഗൻ ഗിബ്സ്-വൈറ്റിനെ നോട്ടമിട്ട് ക്ലബ്ബ്
ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ടീമിനെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നോട്ടിങ്ഹാം ഫോറസ്റ്റ് ക്യാപ്റ്റൻ മോർഗൻ ഗിബ്സ്-വൈറ്റിനെ ആഴ്‌സണൽ പരിഗണിക്കുന്നു. ആസ്റ്റൺ വില്ല താരം മോർഗൻ റോജേഴ്സിന് പകരക്കാരനായാണ് ഗിബ്സ്-വൈറ്റിനെ ക്ലബ്ബ് കാണുന്നത്.
റോജേഴ്സിനായുള്ള നീക്കത്തിൽ ആഴ്‌സണലിന് താൽപ്പര്യമുണ്ടെങ്കിലും പിഎസ്ജി അടക്കമുള്ള വമ്പൻ ക്ലബ്ബുകളിൽ നിന്ന് കടുത്ത മത്സരമാണ് നേരിടുന്നത്. ഇതേത്തുടർന്നാണ് ഗിബ്സ്-വൈറ്റിന്റെ സാഹചര്യം ക്ലബ്ബ് നിരീക്ഷിക്കുന്നത്. നോട്ടിങ്ഹാം ഫോറസ്റ്റിനെ പ്രീമിയർ ലീഗിൽ നിലനിർത്തുന്നതിലും യൂറോപ്പ ലീഗ് സെമിഫൈനൽ വരെ എത്തിക്കുന്നതിലും 26-കാരനായ താരം നിർണായക പങ്കുവഹിച്ചു. പരിക്ക് കാരണം സെമിഫൈനലിന്റെ രണ്ടാം പാദത്തിൽ താരത്തിന് കളിക്കാൻ സാധിച്ചിരുന്നില്ല.
ഈ സീസണിൽ എല്ലാ ടൂർണമെന്റുകളിലുമായി 18 ഗോളുകളാണ് ഗിബ്സ്-വൈറ്റ് അടിച്ചുകൂട്ടിയത്. ഇതിൽ 15 എണ്ണം പ്രീമിയർ ലീഗിലായിരുന്നു. ഒല്ലി വാറ്റ്കിൻസിന് ശേഷം പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന ഇംഗ്ലീഷ് താരമായി ഇതോടെ അദ്ദേഹം മാറി. മികച്ച ഫോമിലായിരുന്നിട്ടും തോമസ് ടുക്കലിന്റെ ഇംഗ്ലണ്ട് ലോകകപ്പ് ടീമിൽ താരത്തിന് ഇടം ലഭിച്ചില്ല.
നേരത്തെ ടോട്ടൻഹാം അടക്കമുള്ള ക്ലബ്ബുകൾ താൽപ്പര്യം പ്രകടിപ്പിച്ചതിനെത്തുടർന്ന്, 2028 വരെ നീളുന്ന പുതിയ കരാറിൽ ഗിബ്സ്-വൈറ്റ് ഒപ്പുവെച്ചിരുന്നു. അതിനാൽ താരത്തെ വിട്ടുകൊടുക്കാൻ നോട്ടിങ്ഹാം ഫോറസ്റ്റ് തയ്യാറാവില്ലെന്നാണ് കരുതുന്നത്. മറ്റൊരു ഇംഗ്ലീഷ് താരമായ എലിയറ്റ് ആൻഡേഴ്സണും ക്ലബ്ബ് വിടുമെന്ന അഭ്യൂഹങ്ങൾക്കിടെ ഗിബ്സ്-വൈറ്റിനെ നിലനിർത്താൻ ഉടമ ഇവാൻജെലോസ് മറിനാക്കിസിന് താൽപ്പര്യമുണ്ട്.

