വിക്ടർ ഒസിംഹനെ സ്വന്തമാക്കാൻ അത്ലറ്റിക്കോ മാഡ്രിഡ് നീക്കം തുടങ്ങി
ഗലാറ്റസറെ സ്ട്രൈക്കർ വിക്ടർ ഒസിംഹനെ ടീമിലെത്തിക്കാൻ അത്ലറ്റിക്കോ മാഡ്രിഡ് ശ്രമം തുടങ്ങിയെന്ന് ഡയരിയോ എഎസ് റിപ്പോർട്ട് ചെയ്യുന്നു. വരാനിരിക്കുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ താരത്തെ സ്വന്തമാക്കാനാണ് അത്ലറ്റിക്കോയുടെ പദ്ധതി.
ബാഴ്സലോണയിലേക്ക് ചേക്കേറാൻ സാധ്യതയുള്ള ജൂലിയൻ അൽവാരസിന് പകരക്കാരനായാണ് ഒസിംഹനെ അത്ലറ്റിക്കോ പരിഗണിക്കുന്നത്.
ജൂലിയൻ അൽവാരസിനെ വിൽക്കുന്നതിലൂടെ ലഭിക്കുന്ന തുക ഒസിംഹനെ സൈൻ ചെയ്യാൻ ഉപയോഗിക്കാൻ അത്ലറ്റിക്കോയ്ക്ക് സാധിക്കും. എന്നാൽ, ഈ നീക്കത്തിന് ഗലാറ്റസറെ തടസ്സങ്ങൾ സൃഷ്ടിച്ചേക്കും.
നാപ്പോളിയിൽ നിന്ന് 75 മില്യൺ യൂറോയ്ക്കാണ് തുർക്കിഷ് ചാമ്പ്യൻമാർ ഈ നൈജീരിയൻ താരത്തെ സ്വന്തമാക്കിയത്. നിലവിൽ താരം മികച്ച ഫോമിലാണെന്നതും കരാറിൽ നിശ്ചിത റിലീസ് ക്ലോസ് ഇല്ലെന്നതും കണക്കിലെടുക്കുമ്പോൾ, താരത്തെ വിട്ടുനൽകാൻ ഗലാറ്റസറെ വൻ തുക ആവശ്യപ്പെടാനാണ് സാധ്യത.
തുർക്കിഷ് ക്ലബ്ബിൽ വർഷത്തിൽ 15 മില്യൺ യൂറോയാണ് ഒസിംഹന്റെ പ്രതിഫലം. ഈ ഉയർന്ന ശമ്പളവും അത്ലറ്റിക്കോയുടെ നീക്കത്തിന് വെല്ലുവിളിയായേക്കാം.
അത്ലറ്റിക്കോയുടെ ചിരവൈരികളായ ബാഴ്സലോണ ഉൾപ്പെടെയുള്ള പ്രമുഖ ക്ലബ്ബുകൾ ഒസിംഹന്റെ നീക്കങ്ങൾ നിരീക്ഷിക്കുന്നുണ്ട്.

