ബാഴ്‌സലോണ അക്കാദമി താരങ്ങളായ എലിയോട്ട് ഡൗസി, അഹമ്മദ് അബർകാൻ എന്നിവരുമായി കരാർ ഒപ്പിട്ടു
തങ്ങളുടെ ഭാവി സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി ബാഴ്‌സലോണ ല മാസിയ അക്കാദമിയിലെ ഏറ്റവും മികച്ച രണ്ട് യുവതാരങ്ങളായ എലിയോട്ട് ഡൗസി, അഹമ്മദ് അബർകാൻ എന്നിവരുമായി കരാർ പുതുക്കി. 16 വയസ്സ് മാത്രം പ്രായമുള്ള ഈ രണ്ട് താരങ്ങളും തങ്ങളുടെ ആദ്യ പ്രൊഫഷണൽ കരാറിലാണ് ഇപ്പോൾ ഒപ്പുവെച്ചിരിക്കുന്നത്.
ക്ലബ്ബിന്റെ മികച്ച അക്കാദമി താരങ്ങളെ മറ്റുള്ളവർ സ്വന്തമാക്കുന്നത് തടയാനും, നേരത്തെ തന്നെ അവരെ സംരക്ഷിക്കാനുമുള്ള ബാഴ്‌സലോണയുടെ തീരുമാനമാണിത്. വരും വർഷങ്ങളിൽ ടീമിനെ ശക്തമായ ഒരു അടിത്തറയിൽ കെട്ടിപ്പടുക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് ബാഴ്‌സലോണ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.
2023-ൽ മല്ലോർക്കയിൽ നിന്ന് എത്തിയ ഗോൾകീപ്പറായ ഡൗസി, ഈ സീസണിൽ അണ്ടർ-16 ടീമിനായി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഗോൾകീപ്പർ എന്ന നിലയിൽ ഭാവിയിൽ ടീമിന് മുതൽക്കൂട്ടാകാൻ ഇദ്ദേഹത്തിന് സാധിക്കുമെന്ന് ക്ലബ്ബ് വിശ്വസിക്കുന്നു.
യൂത്ത് തലത്തിലെ മികച്ച പ്രകടനത്തിലൂടെയാണ് അബർകാനും ശ്രദ്ധേയനായത്. ജിറോണയിൽ നിന്ന് ടീമിലെത്തിയ ഈ ലെഫ്റ്റ്-ബാക്ക് താരം ഒലോട്ട് സ്വദേശിയാണ്. മൊറോക്കൻ വംശജനായ അബർകാൻ കഴിഞ്ഞ സീസൺ മുതൽ മികച്ച പുരോഗതിയാണ് ടീമിൽ കാഴ്ച്ചവെക്കുന്നത്.
ഈ രണ്ട് താരങ്ങളും അടുത്ത സീസണിൽ ജൂവെനിൽ ബി (Juvenil B) ടീമിലേക്ക് ഉയർത്തപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭാവി വാഗ്ദാനങ്ങളായ കൂടുതൽ താരങ്ങളുമായി കരാർ പുതുക്കുന്ന നടപടികൾ ബാഴ്‌സലോണ വരും ദിവസങ്ങളിലും തുടരുമെന്ന് സൂചനയുണ്ട്.

