ലാ ലിഗയ്ക്കെതിരായ പരാമർശം: റയൽ മാഡ്രിഡ് പ്രസിഡന്റിനെതിരെ നടപടി ആവശ്യപ്പെട്ട് ബാഴ്സലോണ
റയൽ മാഡ്രിഡ് പ്രസിഡന്റ് ഫ്ലോറന്റിനോ പെരസിന്റെ പ്രസ്താവനകൾക്കെതിരെ രൂക്ഷ വിമർശനവുമായി ബാഴ്സലോണ രംഗത്ത്. ലാ ലിഗയുടെ അന്തസ്സ് സംരക്ഷിക്കുന്നതിനായി തങ്ങളോടൊപ്പം ചേരണമെന്ന് ആവശ്യപ്പെട്ട് മറ്റ് ക്ലബ്ബുകൾക്ക് ബാഴ്സലോണ ഔദ്യോഗികമായി കത്തയച്ചു.
മെയ് 12, 13 തീയതികളിൽ വിവിധ പൊതുവേദികളിൽ ഫ്ലോറന്റിനോ പെരസ് നടത്തിയ പരാമർശങ്ങൾക്കെതിരെ ബാഴ്സലോണ വൈസ് പ്രസിഡന്റ് റാഫേൽ യുസ്തെ ഐ ആബേൽ ലാ ലിഗ പ്രസിഡന്റ് ഹാവിയർ തെബാസ്, സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ (RFEF) പ്രസിഡന്റ് റാഫേൽ ലൂസാൻ, റഫറീസ് ടെക്നിക്കൽ കമ്മിറ്റി (CTA) തലവൻ ഫ്രാൻസിസ്കോ സോട്ടോ എന്നിവർക്ക് ഔദ്യോഗിക കത്തയച്ചു.
പെരസിന്റെ പ്രസ്താവനകൾ അടിസ്ഥാനരഹിതമാണെന്ന് ബാഴ്സലോണ കുറ്റപ്പെടുത്തി. ഈ പരാമർശങ്ങൾ ഫസ്റ്റ് ഡിവിഷൻ ലീഗിന്റെയും റഫറിമാരുടെയും അന്തസ്സിനും പ്രതിച്ഛായയ്ക്കും വലിയ ആഘാതമാണ് ഏൽപ്പിച്ചിരിക്കുന്നത്. ഇത് സ്പെയിനിലെ പ്രൊഫഷണൽ ഫുട്ബോളിന്റെ വിശ്വാസ്യതയെ തന്നെ ബാധിക്കുമെന്നും ക്ലബ്ബ് വ്യക്തമാക്കി.
മത്സരങ്ങളുടെ സംഘാടകരും റഫറിമാരും തങ്ങളുടെ സംഘടനകളുടെ അന്തസ്സ് സംരക്ഷിക്കാൻ മുൻകൈയെടുക്കണമെന്നും ബാഴ്സലോണ ആവശ്യപ്പെട്ടു. തങ്ങൾ അടുത്തിടെ നിയമപരമായ ഒത്തുതീർപ്പിനായി ശ്രമിച്ചത് പോലെ, ഫ്ലോറന്റിനോ പെരസിനെതിരെ അടിയന്തരമായി നിയമനടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാരികളോട് ക്ലബ്ബ് നിർദ്ദേശിച്ചു. തങ്ങൾ പ്രതിനിധീകരിക്കുന്ന സ്ഥാപനങ്ങളുടെയും മത്സരങ്ങളുടെയും അന്തസ്സ് സംരക്ഷിക്കാൻ ഇതിലൂടെ സാധിക്കുമെന്ന് ബാഴ്സലോണ കൂട്ടിച്ചേർത്തു.

