ഇസ്മയിൽ സായിബാരി ബയേൺ മ്യൂണിക്കിലേക്ക്; കരാർ ജൂലൈ ഒന്നിന് ഔദ്യോഗികമാകും
ജർമ്മൻ റിപ്പോർട്ടർ റിക് എൽഫ്രിങ്കിന്റെ റിപ്പോർട്ട് പ്രകാരം, ബയേൺ മ്യൂണിക്കിന്റെ മിഡ്‌ഫീൽഡർ ഇസ്മയിൽ സായിബാരിയുടെ ട്രാൻസ്ഫർ ജൂലൈ ഒന്നിന് ഔദ്യോഗികമായി പ്രഖ്യാപിക്കും.
ജൂലൈ ഒന്നിന് മുൻപ് ക്ലബ്ബ് ഔദ്യോഗിക പ്രഖ്യാപനങ്ങൾ നടത്തേണ്ടതില്ലെന്ന് ബയേൺ മ്യൂണിക്ക് അധികൃതർ നേരത്തെ തീരുമാനിച്ചിരുന്നു. ഇതുവരെയും ട്രാൻസ്ഫർ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിടാതെ ക്ലബ്ബ് രഹസ്യമായി സൂക്ഷിക്കുകയാണ്.
പിഎസ്വി ഐന്തോവനുമായി 55 ദശലക്ഷം യൂറോയുടെ വമ്പൻ കരാറിലാണ് ബയേൺ ഒപ്പുവെച്ചിരിക്കുന്നത്. ഇതോടെ എറെഡിവിസി ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയ്ക്ക് വിറ്റഴിക്കപ്പെടുന്ന താരമായി മൊറോക്കൻ താരം ഇസ്മയിൽ സായിബാരി മാറി.
മാഞ്ചസ്റ്റർ യുണൈറ്റഡ് അവസാന നിമിഷം താരത്തെ റാഞ്ചാൻ ശ്രമിച്ചെങ്കിലും, പരിശീലകൻ വിൻസെന്റ് കോമ്പനി നേരിട്ട് ഇടപെട്ടാണ് സായിബാരിയെ ബയേണിലെത്തിച്ചത്. തന്റെ ടാക്റ്റിക്കൽ പദ്ധതികൾ കോമ്പനി താരത്തെ നേരിട്ട് ബോധ്യപ്പെടുത്തുകയായിരുന്നു.
ലോകകപ്പിൽ മൊറോക്കോയ്ക്ക് വേണ്ടി ഗോൾ നേടിയ ഇരുപത്തിയഞ്ച് വയസ്സുകാരനായ ഈ പ്ലേമേക്കർ, 2031 വരെ നീളുന്ന കരാറിൽ ഇതിനകം ഒപ്പുവെച്ചു കഴിഞ്ഞു.

