ചെൽസിക്ക് പ്രതീക്ഷ; മാനു കോണെ പ്രീമിയർ ലീഗിലേക്ക് എത്താൻ സാധ്യത
എ എസ് റോമയുടെ മിഡ്‌ഫീൽഡർ മാനു കോണെയെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങളിൽ ചെൽസിക്ക് അനുകൂലമായ സാഹചര്യം. ഫ്രഞ്ച് താരമായ കോണെ പ്രീമിയർ ലീഗിലേക്ക് മാറാൻ താല്പര്യപ്പെടുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
25-കാരനായ താരവുമായി നേരത്തെ തന്നെ വ്യക്തിപരമായ കരാറിലെത്തിയ ആഴ്സണൽ ആണ് ട്രാൻസ്ഫർ റേസിൽ മുന്നിലുള്ളത്. എന്നാൽ ഇതുവരെ ഔദ്യോഗികമായ ഓഫർ അവർ സമർപ്പിച്ചിട്ടില്ല. അത്ലറ്റിക്കോ മാഡ്രിഡ് താരത്തെ സമീപിച്ചിരുന്നെങ്കിലും, ഇംഗ്ലണ്ടിൽ നിന്നുള്ള അവസരങ്ങൾക്കായി കാത്തിരിക്കുന്ന കോണെ ആ നീക്കം നിരസിക്കുകയായിരുന്നു.
എൻസോ ഫെർണാണ്ടസിനെ റയൽ മാഡ്രിഡ് സ്വന്തമാക്കിയാൽ ചെൽസി ഈ നീക്കത്തിൽ സജീവമായേക്കും. അങ്ങനെയെങ്കിൽ മിഡ്‌ഫീൽഡിൽ പുതിയ താരത്തെ എത്തിക്കാൻ ചെൽസി ശ്രമം നടത്തും. യുവേഫയുടെ സാമ്പത്തിക നിയന്ത്രണങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി മാനു കോണെയെ വിൽക്കാൻ എ എസ് റോമയും തയ്യാറാണ്. ഏകദേശം 45 ദശലക്ഷം യൂറോ ലഭിച്ചാൽ താരത്തെ വിട്ടുനൽകാനാണ് റോമയുടെ തീരുമാനം.

