മുടി ബ്ലീച്ച് ചെയ്തപ്പോൾ വൻ നഷ്ടം; അനുഭവം പങ്കുവെച്ച് മാർക്ക് കുകുറെല്ല
തന്റെ പ്രശസ്തമായ ഹെയർസ്റ്റൈലുകൾക്ക് പിന്നിലെ കഷ്ടപ്പാടുകൾ വെളിപ്പെടുത്തി ചെൽസി താരം മാർക്ക് കുകുറെല്ല രംഗത്ത്. മുടി ബ്ലീച്ച് ചെയ്തതും ബ്രെയ്ഡുകൾ ചെയ്തതുമായ പ്രക്രിയകൾക്കിടയിൽ തന്റെ മുടി വല്ലാതെ കൊഴിഞ്ഞുപോയെന്ന് താരം തുറന്നുപറഞ്ഞു.
“ഞാൻ മുടി ഡൈ ചെയ്തപ്പോൾ വളരെ മോശമായ അവസ്ഥയിലൂടെയാണ് കടന്നുപോയത്. അതിനുശേഷം ബ്രെയ്ഡുകൾ ചെയ്യാൻ തീരുമാനിച്ചു. അത് കാണാൻ എനിക്ക് വലിയ ഇഷ്ടമായിരുന്നു, പക്ഷേ പിന്നീട് സംഭവിച്ചത് വലിയ പ്രശ്നമായിരുന്നു. മുടി ബ്ലീച്ച് ചെയ്യേണ്ടി വന്നു, തുടർന്ന് ബ്രെയ്ഡുകൾ അഴിച്ചപ്പോൾ മുടി വല്ലാതെ കൊഴിഞ്ഞുപോയി. അതെന്നെ വല്ലാതെ വേദനിപ്പിച്ചു. എന്നാൽ, വേനൽക്കാലത്ത് ബ്രെയ്ഡുകൾ ചെയ്യാൻ എനിക്ക് ഇപ്പോഴും ഇഷ്ടമാണ്. ആളുകൾ പലപ്പോഴും എന്റെ ഹെയർസ്റ്റൈലിന്റെ രഹസ്യം ചോദിക്കാറുണ്ട്, സത്യം പറഞ്ഞാൽ ഞാൻ മുടിക്ക് വേണ്ടി പ്രത്യേകിച്ച് ഒന്നും ചെയ്യാറില്ല. വളരെ കുറച്ചുമാത്രമേ ശ്രദ്ധിക്കാറുള്ളൂ. ശരിക്കും മുടിയെ കൂടുതൽ പരിപാലിക്കേണ്ടതാണ്, പക്ഷേ ഞാൻ അക്കാര്യത്തിൽ അൽപം അശ്രദ്ധനാണ്,” കുകുറെല്ല പറഞ്ഞു.
വ്യക്തിപരമായ ശൈലിയെക്കുറിച്ച് (Personal style) തനിക്കുള്ള അഭിപ്രായങ്ങളും ചെൽസി താരം പങ്കുവെച്ചു. വസ്ത്രധാരണത്തിനപ്പുറം ഒരാളുടെ മനോഭാവമാണ് ശൈലിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
“ശൈലി എന്നത് സ്വയം പ്രകടിപ്പിക്കാനുള്ള ഒരു മാർഗമാണ്. നിങ്ങളുടെ മാനസികാവസ്ഥയ്ക്കനുസരിച്ചാണ് നിങ്ങൾ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നത്. എന്നാൽ, അതൊരു പെരുമാറ്റരീതി കൂടിയാണ്. വസ്ത്രങ്ങളേക്കാൾ ഉപരിയായി അതൊരു മനോഭാവമാണ്. നിങ്ങളുടെ ആറ്റിറ്റ്യൂഡ് മാറുന്നതിനനുസരിച്ച് ഒരേ വസ്ത്രം തന്നെ വ്യത്യസ്തമായി നിങ്ങളിൽ ഇണങ്ങും. അത് നിങ്ങൾ എങ്ങനെ ധരിക്കുന്നു, നിങ്ങളുടെ ആത്മവിശ്വാസം എത്രത്തോളമുണ്ട് എന്നതിനെ ആശ്രയിച്ചിരിക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു.

