ലോകകപ്പ് വാർത്താസമ്മേളനം: സ്പാനിഷ് ചോദ്യം വിലക്കി അധികൃതർ, അമ്പരന്ന് ഫ്രെങ്കി ഡി ജോങ്
ലോകകപ്പിനിടെ രസകരമായൊരു സാഹചര്യത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നു നെതർലാൻഡ്സ് താരം ഫ്രെങ്കി ഡി ജോങ്. ജപ്പാനെതിരായ മത്സരത്തിന് മുന്നോടിയായി നടന്ന വാർത്താസമ്മേളനത്തിലാണ് അപ്രതീക്ഷിതമായ ഈ സംഭവം നടന്നത്.
നെതർലാൻഡ്സ് ടീമിന്റെ മത്സരത്തിന് മുന്നോടിയായി നടന്ന വാർത്താസമ്മേളനത്തിൽ ഒരു മാധ്യമപ്രവർത്തകൻ സ്പാനിഷ് ഭാഷയിലാണ് ചോദ്യം ചോദിച്ചത്. “ടീമിലെ പ്രധാന നേതാക്കളിൽ ഒരാളെന്ന നിലയിൽ നിങ്ങൾക്ക് എന്ത് തോന്നുന്നു?” എന്നായിരുന്നു മാധ്യമപ്രവർത്തകന്റെ ചോദ്യം.
എന്നാൽ ബാഴ്സലോണ മിഡ്ഫീൽഡറായ ഡി ജോങ് മറുപടി നൽകാൻ തയ്യാറെടുക്കുമ്പോൾ തന്നെ, അടുത്തുണ്ടായിരുന്ന ഒരാൾ ഇടപെട്ടു. “ക്ഷമിക്കണം, ഇത് ഇംഗ്ലീഷിൽ തന്നെ പറയണം” എന്നായിരുന്നു അദ്ദേഹത്തിന്റെ നിർദേശം.
വർഷങ്ങളായി ലാ ലിഗയിൽ കളിക്കുന്നതിനാൽ സ്പാനിഷ് ഭാഷ നന്നായി കൈകാര്യം ചെയ്യുന്ന ഡി ജോങ് ഈ ഇടപെടലിൽ അല്പം അമ്പരന്നു. സ്പാനിഷ് തനിക്ക് പ്രശ്നമല്ലെന്ന് വ്യക്തമാക്കിയ താരം, വാർത്താസമ്മേളനത്തിന്റെ നിയമങ്ങൾ പാലിച്ച് ചോദ്യത്തിന് ഇംഗ്ലീഷിൽ തന്നെ മറുപടി നൽകുകയായിരുന്നു.

