close
ഞായറാഴ്‌ച, ജൂൺ 14
Advertisement

ഗാവിയുടെ ഊർജ്ജവും മനോഭാവവും ടീമിന് മുതൽക്കൂട്ടെന്ന് ലൂയിസ് ഡി ലാ ഫ്യൂエンതെ

2026 ലോകകപ്പിന് മുന്നോടിയായി ബാഴ്സലോണ മിഡ്‌ഫീൽഡർ ഗാവിയെ പ്രശംസിച്ച് സ്പെയിൻ പരിശീലകൻ ലൂയിസ് ഡി ലാ ഫ്യൂエンതെ രംഗത്ത്. പരിശീലനത്തിനിടെ റോഡ്രിക്കെതിരെ ഗാവി നടത്തിയ ശക്തമായ ടാക്കിൾ കഴിഞ്ഞ ദിവസങ്ങളിൽ വലിയ ചർച്ചയായിരുന്നു. എന്നാൽ, ഇത് ഫുട്ബോൾ പരിശീലനത്തിന്റെ ഭാഗം മാത്രമാണെന്ന് റോഡ്രിയും ഡി ലാ ഫ്യൂエンതെയും വ്യക്തമാക്കി.

‘എ എസ്’ (AS) എന്ന മാധ്യമത്തോട് സംസാരിക്കവെ, കളിക്കളത്തിലെ മികവിനപ്പുറം ടീമിലുള്ള ഗാവിയുടെ മാനസിക കരുത്തും പരിശീലനത്തിലെ കഠിനാധ്വാനവുമാണ് സ്പെയിൻ പരിശീലകൻ എടുത്തുപറഞ്ഞത്. “അവൻ പരിശീലനം നടത്തുന്ന രീതി നിങ്ങൾ കാണണമായിരുന്നു. അത്രയധികം ആവേശത്തോടെയാണ് അവൻ കളിക്കുന്നത്. കളിക്കാരുടെ ശാരീരിക ക്ഷമതയ്ക്കും ഫുട്ബോൾ മികവിനുമപ്പുറം ടീമിൽ വലിയ സ്വാധീനം ചെലുത്തുന്നത് ഗാവിയുടെ മനോഭാവമാണ്,” ഡി ലാ ഫ്യൂエンതെ പറഞ്ഞു.

“പ്രചോദനം (Motivation) ഏത് സാഹചര്യത്തെയും മാറ്റിമറിക്കാൻ കഴിയും. മികച്ച ഊർജ്ജമുള്ള കളിക്കാരനാണ് ഗാവി, അതുകൊണ്ട് തന്നെ അവൻ ടീമിന് വളരെ പ്രധാനപ്പെട്ട താരമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement

ഗാവിയുടെ പെരുമാറ്റം സഹതാരങ്ങളെയും വലിയ രീതിയിൽ സ്വാധീനിക്കുന്നുണ്ടെന്നും പരിശീലകൻ ചൂണ്ടിക്കാട്ടി. “അവൻ സഹതാരങ്ങളിൽ നിന്ന് മികച്ച പ്രകടനം ആവശ്യപ്പെടുന്നു. തന്റെ ഊർജ്ജവും ആവേശവും കൊണ്ട് അവൻ മറ്റുള്ളവരെയും പ്രചോദിപ്പിക്കുന്നു. ഈ മനോഭാവമാണ് ഞങ്ങളുടെ ടീമിനെ രൂപപ്പെടുത്തുന്നത്. മെച്ചപ്പെടാൻ എപ്പോഴും ആഗ്രഹിക്കുന്ന കളിക്കാർ ടീമിന് വലിയ മുതൽക്കൂട്ടാണ്,” ഡി ലാ ഫ്യൂエンതെ പറഞ്ഞു.

നീണ്ട കാലത്തെ കാൽമുട്ടിനേറ്റ പരിക്കിൽ നിന്ന് മുക്തനായി കഴിഞ്ഞ സീസണിന്റെ അവസാനത്തോടെയാണ് ഗാവി തിരിച്ചെത്തിയത്. സീസണിലെ മികച്ച പ്രകടനത്തിലൂടെയാണ് താരം സ്പെയിന്റെ ലോകകപ്പ് ടീമിൽ ഇടം നേടിയത്. ലോകകപ്പിലെ ആദ്യ മത്സരത്തിൽ കേപ് വേർഡെയെയാണ് സ്പെയിൻ നേരിടുന്നത്. എന്നാൽ, ഗാവിയുടെ ശാരീരിക ക്ഷമത പരിഗണിച്ച് പരിശീലകൻ അവനെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തുമോയെന്ന് കാത്തിരുന്നു കാണണം.


Share.

Latest ISL, MLS, Saudi, Indian, Premier, Champions League, Laliga, football live News, Transfers, Lineups, Schedules, And Complete Match Results.