പിഎസ്ജിക്കെതിരായ ഫൈനൽ: ടിംബറെയും ലൂയിസ്-കെല്ലിയെയും ഒഴിവാക്കണമെന്ന് ഇമ്മാനുവൽ എബ്യൂ
ബുഡാപെസ്റ്റിൽ ശനിയാഴ്ച നടക്കുന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പിഎസ്ജിയുടെ കരുത്തുറ്റ മുന്നേറ്റനിരയെ നേരിടുമ്പോൾ ജുറിയൻ ടിംബറെയും മൈൽസ് ലൂയിസ്-കെല്ലിയെയും ബെഞ്ചിലിരുത്തണമെന്ന് ആഴ്‌സണൽ ഇതിഹാസം ഇമ്മാനുവൽ എബ്യൂ പരിശീലകൻ മൈക്കൽ അർറ്റെറ്റയോട് ആവശ്യപ്പെട്ടു.
തുടർച്ചയായ പരിക്കുകൾ കാരണം മാർച്ചിന് ശേഷം കളിക്കാൻ കഴിയാത്ത ടിംബറിന്റെ കാര്യത്തിൽ എബ്യൂ തന്റെ അഭിപ്രായം വ്യക്തമാക്കി.
“അവൻ വളരെക്കാലമായി കളിച്ചിട്ടില്ല. കുറച്ചുനാൾ കൂടി കാത്തിരിക്കുന്നതാണ് നല്ലത്. പിഎസ്ജി വളരെ ശക്തരും വേഗതയുള്ളവരുമാണ്. അതിനാൽ അവനെ ബെഞ്ചിലിരുത്തുന്നതാണ് അർറ്റെറ്റയ്ക്ക് നല്ലതെന്ന് ഞാൻ കരുതുന്നു,” ഐവറികോസ്റ്റ് താരം മെട്രോയോട് പറഞ്ഞു.
ടിംബറിന് പകരം ക്രിസ്റ്റ്യൻ മോസ്ക്വെറയെ കളിപ്പിക്കണമെന്നാണ് എബ്യൂവിന്റെ നിർദ്ദേശം. ഖ്വിച്ച ക്വാരത്‌സ്‌ഖേലിയയെ തടയാൻ മോസ്ക്വെറയാണ് മികച്ച ഓപ്ഷനെന്നും, പ്രതിരോധത്തിൽ താരം കൂടുതൽ കരുത്തനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മിഡ്‌ഫീൽഡിൽ വിറ്റിന്യ, ജോവൊ നെവെസ്, ഫാബിയൻ റൂയിസ് എന്നിവരടങ്ങുന്ന പിഎസ്ജിയുടെ ശക്തമായ സംഘത്തെ നേരിടാൻ ഡെക്ലാൻ റൈസ്, മാർട്ടിൻ സുബിമെൻഡി, മാർട്ടിൻ ഒഡെഗാർഡ് എന്നിവരെ ഉൾപ്പെടുത്തണമെന്നും എബ്യൂ നിർദ്ദേശിച്ചു. 19-കാരൻ ലൂയിസ്-കെല്ലിയെക്കാൾ പരിചയസമ്പന്നരായ താരങ്ങൾക്ക് മുൻഗണന നൽകണമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
“ചാമ്പ്യൻസ് ലീഗ് ഫൈനലിന് പരിചയസമ്പത്തുള്ള കളിക്കാരെയാണ് വേണ്ടത്. ലൂയിസ്-കെല്ലി ബെഞ്ചിൽ നിന്ന് കളി തുടങ്ങുന്നതാണ് ഉചിതം,” അദ്ദേഹം പറഞ്ഞു.
2006-ൽ ബാഴ്‌സലോണയ്‌ക്കെതിരായ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ കളിച്ച അനുഭവത്തിൽ നിന്നാണ് എബ്യൂ ഇക്കാര്യം പറയുന്നത്. അന്നത്തെ മത്സരത്തിൽ റൊണാൾഡീഞ്ഞോയെ തടഞ്ഞുനിർത്താൻ തനിക്ക് കഴിഞ്ഞിരുന്നുവെന്നും അദ്ദേഹം ഓർത്തെടുത്തു.
2005 മുതൽ 2011 വരെ ആഴ്‌സണലിനായി 214 മത്സരങ്ങളിൽ എബ്യൂ ബൂട്ടണിഞ്ഞിട്ടുണ്ട്.

