2026 ലോകകപ്പ്: ഇംഗ്ലണ്ട് ടീമിന്റെ പരിശീലന സാമഗ്രികൾ മോഷണം പോയി
2026 ലോകകപ്പിനായുള്ള ഇംഗ്ലണ്ട് ഫുട്ബോൾ ടീമിന്റെ തയ്യാറെടുപ്പുകൾക്കിടെ കനത്ത തിരിച്ചടി. ടീമിന്റെ പരിശീലന സാമഗ്രികൾ കാൻസാസ് സിറ്റിയിലേക്കുള്ള യാത്രാമധ്യേ മോഷണം പോയതായി ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.
ഫ്ലോറിഡയിലെ പരിശീലന ക്യാമ്പിൽ നിന്ന് കാൻസാസ് സിറ്റിയിലെ ബേസിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് നിർണായകമായ പല സാധനങ്ങളും നഷ്ടപ്പെട്ടത്. ഔദ്യോഗിക ലോകകപ്പ് പന്തുകൾ, പരിശീലനത്തിനുള്ള ഗിയറുകൾ, താരങ്ങളുടെ ബൂട്ടുകൾ എന്നിവ മോഷണം പോയവയിൽ ഉൾപ്പെടുന്നു.
ഇംഗ്ലീഷ് താരങ്ങളായ ഹാരി കെയ്ൻ, ജൂഡ് ബെല്ലിംഗ്ഹാം എന്നിവരുടെ ബൂട്ടുകൾ മോഷണം പോയവയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ഷിപ്പിംഗിൽ ഉണ്ടായിരുന്ന പന്തുകളിൽ ഒരെണ്ണം മാത്രമാണ് ബാക്കിയുള്ളതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
പരിശീലന സംഘം ഉപയോഗിക്കുന്ന അനാലിസിസ് ടൂളുകൾ, വൈറ്റ് ബോർഡുകൾ, മസാജ് ടേബിളുകൾ തുടങ്ങിയവയും നഷ്ടപ്പെട്ടവയിൽപ്പെടുന്നു.
ജൂൺ 17-ന് ക്രൊയേഷ്യയ്‌ക്കെതിരെ നടക്കാനിരിക്കുന്ന ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ഈ സംഭവം. ടീമിന്റെ പരിശീലനം തടസ്സമില്ലാതെ തുടരുന്നതിനായി നഷ്ടപ്പെട്ട സാധനങ്ങൾക്ക് പകരം പുതിയവ എത്തിക്കാൻ അധികൃതർ നടപടികൾ വേഗത്തിലാക്കി.
കാൻസാസ് സിറ്റി പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഒരാളെ ഇതിനകം അറസ്റ്റ് ചെയ്തതായും വിവരമുണ്ട്. നഷ്ടപ്പെട്ട സാധനങ്ങൾ വീണ്ടെടുക്കുന്നതിനായി ഫുട്ബോൾ അസോസിയേഷൻ പ്രാദേശിക അധികാരികളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്.

