എലിയറ്റ് ആൻഡേഴ്സണെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ സിറ്റി; ശ്രമങ്ങൾ തുടരുന്നു
നോട്ടിങ്ഹാം ഫോറസ്റ്റ് മിഡ്‌ഫീൽഡർ എലിയറ്റ് ആൻഡേഴ്സണെ ഈ വേനൽക്കാലത്ത് ടീമിലെത്തിക്കാൻ മാഞ്ചസ്റ്റർ സിറ്റി ഇപ്പോഴും ശുഭാപ്തിവിശ്വാസത്തിൽ. താരത്തിനായി സമർപ്പിച്ച 121 മില്യൺ പൗണ്ടിന്റെ ഓഫർ ഫോറസ്റ്റ് നിരസിച്ചെങ്കിലും സിറ്റി പിന്മാറാൻ തയ്യാറായിട്ടില്ലെന്ന് ടോക്ക് സ്‌പോർട് റിപ്പോർട്ട് ചെയ്യുന്നു.
ലോകകപ്പിന് മുന്നോടിയായാണ് 106 മില്യൺ പൗണ്ട് നേരിട്ടും 15 മില്യൺ പൗണ്ട് ബോണസ് ഇനത്തിലുമായി സിറ്റി തുക വാഗ്ദാനം ചെയ്തത്. ടൂർണമെന്റിന് ശേഷം ഇംഗ്ലീഷ് താരത്തിന്റെ മൂല്യം വർധിക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് സിറ്റി ഇത്തരമൊരു നീക്കം നടത്തിയത്. വരും ആഴ്ചകളിൽ വീണ്ടും പുതിയൊരു ബിഡ് സമർപ്പിക്കാനാണ് ക്ലബ്ബിന്റെ തീരുമാനം. ആദ്യ ഓഫർ നിരസിച്ചെങ്കിലും, ഇരു ക്ലബ്ബുകളും തമ്മിലുള്ള വിലപേശലിൽ ഇപ്പോൾ ചെറിയ വ്യത്യാസം മാത്രമേയുള്ളൂവെന്നാണ് കരുതപ്പെടുന്നത്.
ക്ലബ്ബിന്റെ ഉടമ ഇവാഞ്ചലോസ് മാരിനാകിസാണ് ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്. അതേസമയം, മാനേജർ വിക്ടർ പെരേര ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരെ ചർച്ചകളിൽ നിന്ന് മാറ്റിനിർത്തുന്നതായാണ് റിപ്പോർട്ടുകൾ. ബ്രിട്ടീഷ് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയ്ക്കാണ് ഫോറസ്റ്റ് താരത്തെ വിട്ടുനൽകാൻ ആഗ്രഹിക്കുന്നത്. കഴിഞ്ഞ വേനൽക്കാലത്ത് അലക്സാണ്ടർ ഐസക് ന്യൂകാസിലിൽ നിന്ന് ലിവർപൂളിലേക്ക് ചേക്കേറിയ 125 മില്യൺ പൗണ്ടിന്റെ റെക്കോർഡ് മറികടക്കാനാണ് ക്ലബ്ബ് ലക്ഷ്യമിടുന്നത്.
വലിയ തുക ചോദിക്കുന്നുണ്ടെങ്കിലും, മാഞ്ചസ്റ്റർ സിറ്റിയിൽ ചേരാനുള്ള താരത്തിന്റെ താൽപ്പര്യം ക്ലബ്ബിന് വലിയ പ്രതീക്ഷ നൽകുന്നു. താൻ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് മാറാൻ ആഗ്രഹിക്കുന്നുവെന്ന കാര്യം ആൻഡേഴ്സൺ ഇരു ക്ലബ്ബുകളെയും അറിയിച്ചിട്ടുണ്ട്.
ഇംഗ്ലണ്ട് മാനേജർ തോമസ് ടൂഷൽ താരങ്ങളുടെ മെഡിക്കൽ പരിശോധനകൾക്ക് അനുമതി നൽകുന്നുണ്ടെങ്കിലും, ഫോറസ്റ്റ് ഈ കരാർ ജൂലൈയിലേക്ക് നീട്ടിവെക്കാൻ സാധ്യതയുണ്ട്. ക്ലബ്ബിന്റെ അടുത്ത സാമ്പത്തിക വർഷത്തിലേക്ക് ഈ വിൽപന ഉൾപ്പെടുത്തുന്നതിനാണ് അവർ ശ്രമിക്കുന്നത്.

