റയൽ ബെറ്റിസിലേക്ക് മടങ്ങുമെന്ന് ഫാബിയൻ റൂയിസ്; ആഗ്രഹം വെളിപ്പെടുത്തി താരം
തന്റെ മുൻ ക്ലബ്ബായ റയൽ ബെറ്റിസിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് വീണ്ടും മനസ്സ് തുറന്ന് ഫാബിയൻ റൂയിസ്. സ്പെയിനിനൊപ്പം ലോകകപ്പിനായുള്ള തയ്യാറെടുപ്പുകൾക്കിടെയാണ്, താൻ റയൽ ബെറ്റിസിലേക്ക് മടങ്ങുമെന്ന് താരം വ്യക്തമാക്കിയത്. തൻ്റെ ഭാവി പദ്ധതികളിൽ ഈ മടങ്ങിവരവ് ഉറപ്പായും ഉണ്ടാകുമെന്നും താരം പറഞ്ഞു.
നിലവിൽ പിഎസ്ജി താരമായ ഫാബിയൻ, മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം പരിക്കിൽ നിന്ന് മുക്തി നേടിയിരിക്കുകയാണ്. പാരീസിലെ ജീവിതത്തിൽ താൻ സംതൃപ്തനാണെന്ന് പറഞ്ഞ താരം, തന്റെ ദീർഘകാല പദ്ധതികളിൽ റയൽ ബെറ്റിസിന് വലിയ സ്ഥാനമുണ്ടെന്ന് സമ്മതിച്ചു.
“ഞാൻ എപ്പോഴും ഇക്കാര്യം പറയാറുണ്ട്. പാരീസിൽ ഞാൻ സന്തുഷ്ടനാണ്. മികച്ച വർഷങ്ങളാണ് ഇവിടെ ചെലവഴിച്ചത്, മനോഹരമായ ഫുട്ബോൾ കളിക്കാൻ സാധിച്ചു. എന്റെ കുടുംബവും ഇവിടെ നന്നായി സെറ്റിലായിട്ടുണ്ട്,” ഫാബിയൻ വ്യക്തമാക്കി.
“സ്പെയിനിലേക്ക് ഇനി മടങ്ങുമോ എന്ന് ആർക്കും അറിയില്ല. എങ്കിലും, എന്റെ സ്വന്തം ക്ലബ്ബായ ബെറ്റിസിൽ വെച്ച് കരിയർ അവസാനിപ്പിക്കണമെന്നാണ് ഞാൻ എപ്പോഴും ആഗ്രഹിക്കുന്നത്. എന്നെങ്കിലും അവിടെ മടങ്ങിയെത്തി കരിയർ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്. അത് ഏറ്റവും മികച്ച കാര്യമായിരിക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു.
🏆 Try out Football Xtra – FIFA World Cup edition. Your best second screen for watching World Cup matches 📺

