close
വ്യാഴാഴ്‌ച, ജൂൺ 11
Advertisement

ഉസ്‌ബെക്കിസ്ഥാൻ ടീമിന്റെ സുരക്ഷാ പരിശോധന; വിവാദങ്ങൾക്ക് മറുപടിയുമായി ഫാബിയോ കന്നവാരോ

അമേരിക്കയിൽ വെച്ച് തങ്ങളുടെ ടീം നേരിട്ട സുരക്ഷാ പരിശോധനകളെക്കുറിച്ച് ഉസ്‌ബെക്കിസ്ഥാൻ ദേശീയ ഫുട്ബോൾ ടീം മുഖ്യ പരിശീലകൻ ഫാബിയോ കന്നവാരോ സമൂഹമാധ്യമത്തിലൂടെ വിശദീകരണം നൽകി.

ന്യൂയോർക്കിൽ നെതർലാൻഡിനെതിരായ സൗഹൃദ മത്സരത്തിന് മുന്നോടിയായി ടീം ബസ്സിൽ നിന്ന് ഇറങ്ങുമ്പോൾ, പരിശീലനം ലഭിച്ച നായകളെയും മെറ്റൽ ഡിറ്റക്ടറുകളെയും ഉപയോഗിച്ച് പോലീസ് ഉസ്‌ബെക്കിസ്ഥാൻ താരങ്ങളെ പരിശോധിച്ചത് നേരത്തെ വാർത്തയായിരുന്നു. മത്സരത്തിൽ ഉസ്‌ബെക്കിസ്ഥാൻ 1-2 എന്ന സ്കോറിന് പരാജയപ്പെടുകയും ചെയ്തു.

സംഭവത്തിന് പിന്നാലെ, “ഇത് നിയമമാണെന്നാണ് അവർ എന്നോട് പറഞ്ഞത്, എന്നാൽ പരിശോധന നടന്നത് ഞങ്ങൾക്ക് മാത്രമാണ്. അതിനെക്കുറിച്ച് നിങ്ങൾ അവരോട് തന്നെ ചോദിക്കണം” എന്ന് കന്നവാരോ പ്രതികരിച്ചിരുന്നു. എന്നാൽ ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കി അദ്ദേഹം പിന്നീട് രംഗത്തെത്തി.

Advertisement

“വിമാനത്താവളത്തിൽ ഞങ്ങൾ നേരിട്ട പരിശോധനകളെക്കുറിച്ചുള്ള ചിത്രങ്ങൾ പത്രങ്ങളുടെ ഒന്നാം പേജിൽ ഞാൻ കണ്ടു. തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടുകളും കണ്ടതുകൊണ്ടാണ് കാര്യങ്ങൾ വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നത്,” കന്നവാരോ കുറിച്ചു.

“ഇതൊരു സാധാരണ പരിശോധന മാത്രമായിരുന്നു. ലോകകപ്പ് ടീമുകൾ യാത്ര ചെയ്യുമ്പോൾ സാധാരണ യാത്രക്കാരെപ്പോലെ ടെർമിനലിലൂടെയല്ല, മറിച്ച് ടീമുകൾക്കായി നീക്കിവെച്ച ബസ്സുകളിൽ നേരിട്ട് ടാർമാക്കിയിലേക്കാണ് പോകുന്നതെന്ന് ആളുകൾ മനസ്സിലാക്കുന്നില്ല.”

“സാധാരണ യാത്രക്കാർ ടെർമിനലിൽ നേരിടുന്ന അതേ പരിശോധനകൾ തന്നെയാണ് ഞങ്ങൾ ടാർമാക്കിൽ വെച്ച് നേരിട്ടത്. ഇതൊരു സാധാരണ നടപടിക്രമമാണ്. അതിനാൽ ഇതിൽ വിവാദങ്ങളൊന്നുമില്ല. മോശമായതോ ബഹുമാനമില്ലാത്തതോ ആയ പെരുമാറ്റം ഒരിടത്തുനിന്നും ഉണ്ടായിട്ടില്ല.”

“മത്സരങ്ങളുടെ കാര്യത്തിലും ഇതുതന്നെയാണ് അവസ്ഥ. നെതർലാൻഡിനെതിരായ സൗഹൃദ മത്സരത്തിന് മുൻപ് സ്റ്റേഡിയത്തിൽ വെച്ച് ഞങ്ങളെ പരിശോധിച്ചു. അത് പ്രതീക്ഷിച്ചതുമാണ്. എല്ലാ മത്സരത്തിന് മുൻപും ടീമുകൾ ഹോട്ടലിൽ വെച്ചോ അല്ലെങ്കിൽ സ്റ്റേഡിയത്തിൽ വെച്ചോ പരിശോധനകൾക്ക് വിധേയരാകാറുണ്ട്.”

സത്യം പറയുകയാണെങ്കിൽ, മത്സരത്തിന്റെ സംഘാടനം വളരെ മികച്ചതായിരുന്നുവെന്നും കന്നവാരോ കൂട്ടിച്ചേർത്തു.

ഉസ്‌ബെക്കിസ്ഥാൻ ദേശീയ ടീം ചരിത്രത്തിലാദ്യമായാണ് ഈ വേനൽക്കാലത്ത് ലോകകപ്പിന് യോഗ്യത നേടിയിരിക്കുന്നത്. 2026 ജൂൺ 11 മുതൽ ജൂലൈ 19 വരെ അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലായാണ് ലോകകപ്പ് നടക്കുന്നത്.


Share.

Latest ISL, MLS, Saudi, Indian, Premier, Champions League, Laliga, football live News, Transfers, Lineups, Schedules, And Complete Match Results.