ലിവർപൂൾ ഗോൾകീപ്പർ പ്രതിസന്ധിയിൽ: ക്രിസ്റ്റൽ പാലസിനെതിരെ ഫ്രെഡി വുഡ്മാൻ കളിച്ചേക്കും
ലിവർപൂൾ ഗോൾകീപ്പർമാരായ ആലിസണും ജിയോർജി മമർദാഷ്വിലിയും പരിക്കിന്റെ പിടിയിലായതോടെ, ഈ വാരാന്ത്യത്തിൽ നടക്കുന്ന മത്സരത്തിൽ ലിവർപൂളിന്റെ മൂന്നാം നമ്പർ ഗോൾകീപ്പർ ഫ്രെഡി വുഡ്മാൻ കളത്തിലിറങ്ങാൻ സാധ്യത.
തന്റെ ഫുട്ബോൾ കരിയർ ആരംഭിച്ചതും കുട്ടിക്കാലം മുതൽ പിന്തുണയ്ക്കുന്നതുമായ ക്രിസ്റ്റൽ പാലസിനെതിരെ പ്രീമിയർ ലീഗിൽ ലിവർപൂളിനായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് 29-കാരനായ ഈ താരം.
“ലിവർപൂളിനായി പ്രീമിയർ ലീഗിൽ മറ്റൊരു മത്സരം കളിക്കാൻ കഴിയുന്നത് അവിശ്വസനീയമായ കാര്യമായിരിക്കും,” ബിബിസിക്കു നൽകിയ അഭിമുഖത്തിൽ വുഡ്മാൻ പറഞ്ഞു. “ഞാൻ വളർന്നത് പാലസിനെ പിന്തുണച്ചാണ്, അവിടെ ഞാൻ ബോൾ ബോയ് ആയിരുന്നു. ഈ സീസണിലെ കാരബാവോ കപ്പിൽ ഞാൻ അവർക്കെതിരെ കളിച്ചിട്ടുമുണ്ട്. ജിയോർജിയും ലോകത്തിലെ മികച്ച ഗോൾകീപ്പറായ ആലിയും പെട്ടെന്ന് തന്നെ പരിക്കിൽ നിന്ന് മുക്തി നേടി തിരിച്ചുവരട്ടെ എന്ന് ആഗ്രഹിക്കുന്നു.”
“ശനിയാഴ്ച എന്ത് സംഭവിക്കുമെന്ന് കണ്ടറിയാം. ഈ ആഴ്ച പരിശീലനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, കളിക്കാൻ തയ്യാറെടുക്കുകയാണ് ഞാൻ,” അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ വേനൽക്കാലത്ത് ഫ്രീ ഏജന്റായാണ് വുഡ്മാൻ ലിവർപൂളിലെത്തിയത്. ലിവർപൂളിൽ ചേർന്ന ശേഷം ആദ്യമായാകും അദ്ദേഹം പ്രീമിയർ ലീഗിൽ ഒരു മത്സരത്തിന് ഇറങ്ങുന്നത്. 2021-ന് ശേഷം ഇതാദ്യമായാണ് വുഡ്മാൻ ഒരു പ്രീമിയർ ലീഗ് മത്സരത്തിൽ സ്റ്റാർട്ടിംഗ് ഇലവനിൽ ഇടംപിടിക്കുന്നത്.

