ഇറ്റാലിയൻ ലീഗിൽ കളിക്കാൻ ആഗ്രഹമെന്ന് ഗബ്രിയേൽ ജെസ്യൂസ്
ആഴ്സണൽ സ്‌ട്രൈക്കർ ഗബ്രിയേൽ ജെസ്യൂസ് തന്റെ കരിയറുമായി ബന്ധപ്പെട്ട പ്രധാന വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ്. ഇറ്റാലിയൻ ലീഗായ സിരി എ-യിൽ കളിക്കുക എന്നത് തന്റെ സ്വപ്നമാണെന്ന് താരം തുറന്നുപറഞ്ഞു. ഇറ്റാലിയൻ ക്ലബ്ബുകളിലേക്കുള്ള താരത്തിന്റെ മാറ്റത്തെക്കുറിച്ച് അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടയിലാണ് ജെസ്യൂസിന്റെ പ്രതികരണം.
എസി മിലാൻ, യുവന്റസ് എന്നീ ക്ലബ്ബുകൾ ബ്രസീലിയൻ താരമായ ജെസ്യൂസിനെ നോട്ടമിട്ടിട്ടുണ്ടെന്ന് അടുത്തിടെ വാർത്തകൾ വന്നിരുന്നു. എന്നാൽ, ഇതുവരെ ക്ലബ്ബുകൾ ഔദ്യോഗികമായി ഒരു സമീപനം നടത്തിയതായി സ്ഥിരീകരണമില്ല.
ചെറുപ്പം മുതലേ ഇറ്റാലിയൻ ലീഗിനെ താൻ ആരാധിക്കുന്നുണ്ടെന്ന് ജെസ്യൂസ് വ്യക്തമാക്കി. സിരി എ-യിൽ കളിക്കാനുള്ള സാധ്യതയെക്കുറിച്ച് സംസാരിക്കവേയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
“സിരി എ കണ്ടാണ് ഞാൻ വളർന്നത്, ഇറ്റലിയിൽ കളിക്കാൻ എനിക്ക് വലിയ ആഗ്രഹമുണ്ടായിരുന്നു. സാൻ സിറോയിൽ ഇന്റർ മിലാനെതിരെ രണ്ട് ഗോളുകൾ നേടാനായത് ആ സ്വപ്നം സാക്ഷാത്കരിച്ചത് പോലെയായിരുന്നു. എന്റെ ഭാവി എന്താണെന്ന് എനിക്കറിയില്ല. ഇപ്പോൾ ഞാൻ ആഴ്സണലിനായി കഠിനമായി പരിശ്രമിക്കുന്നുണ്ട്, വരും ദിവസങ്ങളിൽ കാര്യങ്ങൾ എങ്ങനെ പോകുമെന്ന് നമുക്ക് നോക്കാം,” ജെസ്യൂസ് പറഞ്ഞു.

