ഗലറ്റസറെയുടെ പുതിയ ക്യാപ്റ്റനായി വിക്ടർ ഒസിംഹെൻ എത്തിയേക്കും
ഗലറ്റസറെയുടെ ഭാവി പദ്ധതികളിൽ നിർണായക സ്ഥാനത്തേക്ക് വിക്ടർ ഒസിംഹെനെ പരിഗണിക്കുന്നു. 2026/27 സീസണിന് മുന്നോടിയായി നൈജീരിയൻ സ്ട്രൈക്കറെ ടീമിന്റെ ക്യാപ്റ്റനായി നിയമിക്കാൻ ക്ലബ് ആലോചിക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ടർക്കിഷ് ചാമ്പ്യന്മാരായ ഗലറ്റസറെയുടെ വരാനിരിക്കുന്ന ആഭ്യന്തര ലീഗ് മത്സരങ്ങൾക്കും ചാമ്പ്യൻസ് ലീഗിനും തയ്യാറെടുക്കുമ്പോൾ, ഒസിംഹെനെ ക്ലബ്ബിന്റെ പ്രധാന കേന്ദ്രബിന്ദുവാക്കാൻ ലിവന്റ് ടുമെസൻ ഉൾപ്പെടെയുള്ളവർ നിർദ്ദേശിക്കുന്നു.
ഹെഡ് കോച്ച് ഒകാൻ ബുറുക്ക് ഈ തീരുമാനത്തിന് പൂർണ പിന്തുണ നൽകുന്നുണ്ട്. ഡ്രസിങ് റൂമിലെ ഒസിംഹെന്റെ സ്വാധീനം, കളിയിലെ നേതൃപാടവം, ടീമിലേക്ക് അദ്ദേഹം നൽകുന്ന തീവ്രത എന്നിവയെ കോച്ച് നേരത്തെ തന്നെ പ്രശംസിച്ചിട്ടുണ്ട്.
നിലവിലെ ക്യാപ്റ്റൻ മൗറോ ഇകാർഡിയുടെ ഭാവിയുമായി ഈ നീക്കത്തിന് ബന്ധമുണ്ട്. വരാനിരിക്കുന്ന ട്രാൻസ്ഫർ വിൻഡോയിൽ ഇകാർഡി ക്ലബ്ബ് വിടുകയാണെങ്കിൽ, ഒസിംഹെൻ ടീമിൽ കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. ക്ലബ്ബിന്റെ പ്രശസ്തമായ ഒമ്പതാം നമ്പർ ജേഴ്സിയും അദ്ദേഹം ഏറ്റെടുത്തേക്കാം.
ഇസ്താംബൂളിലെ തന്റെ കാലയളവിൽ തന്നെ ഒസിംഹെൻ നേതൃത്വഗുണങ്ങൾ തെളിയിച്ചിട്ടുണ്ട്. മുതിർന്ന മിഡ്‌ഫീൽഡർ ഇൽക്കായ് ഗുണ്ടോഗനോടുള്ള ബഹുമാനം പ്രമാണിച്ച് ഒരു മത്സരത്തിൽ ക്യാപ്റ്റൻ ബാൻഡ് അണിയാൻ താരം വിസമ്മതിച്ചത് ഇതിനുദാഹരണമാണ്.
കൈതാനത്തും പുറത്തും ഗലറ്റസറെയുടെ പ്രധാനപ്പെട്ട താരമായി ഒസിംഹെനെ കാണുന്ന ക്ലബ്, അദ്ദേഹത്തിന്റെ നേതൃത്വ പദവി ഔദ്യോഗികമാക്കാനാണ് ഉദ്ദേശിക്കുന്നത്.

