ഹാലാൻഡ് റയൽ മാഡ്രിഡിലേക്ക് എന്ന വാർത്ത തള്ളി പിതാവും ഏജന്റും
മാഞ്ചസ്റ്റർ സിറ്റി താരം എർലിങ് ഹാലാൻഡ് റയൽ മാഡ്രിഡിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ തള്ളി താരത്തിന്റെ പിതാവ് ആൽഫിയും ഏജന്റ് റാഫേല പിമെന്റയും രംഗത്തെത്തി.
റയൽ മാഡ്രിഡ് പ്രസിഡന്റ് സ്ഥാനാർത്ഥി എൻറിക് റിക്വെൽമെ അടുത്തിടെ നടത്തിയ പ്രസ്താവനയാണ് ഈ വാർത്തകൾക്ക് അടിസ്ഥാനം. താൻ തിരഞ്ഞെടുപ്പിൽ വിജയിക്കുകയാണെങ്കിൽ മാഞ്ചസ്റ്റർ സിറ്റിയുടെ താരങ്ങളായ റോദ്രിയെയും ഹാലാൻഡിനെയും ടീമിലെത്തിക്കുമെന്നായിരുന്നു റിക്വെൽമെ അവകാശപ്പെട്ടത്.
“ഇതെല്ലാം കേൾക്കാൻ രസകരമാണെങ്കിലും യാതൊരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങളാണ്. റയൽ മാഡ്രിഡ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എല്ലാ സ്ഥാനാർത്ഥികൾക്കും ഞങ്ങൾ ആശംസകൾ നേരുന്നു,” ആൽഫിയും പിമെന്റയും വ്യക്തമാക്കി.
നിലവിൽ ഹാലാൻഡിന്റെ ഭാവി കാര്യത്തിൽ മാഞ്ചസ്റ്റർ സിറ്റി ആശങ്കയിലല്ല. ഈ വേനൽക്കാലത്ത് ക്ലബ്ബ് വിടുമെന്ന സൂചനകളൊന്നും നോർവീജിയൻ സ്ട്രൈക്കറായ ഹാലാൻഡ് നൽകിയിട്ടില്ലെന്നാണ് മാനേജ്‌മെന്റിന്റെ വിലയിരുത്തൽ.

