മുംബൈ: 2022 ഡിസംബറിൽ സ്പാനിഷ് പുരുഷ ഫുട്ബോൾ ടീം ഒരു വഴിത്തിരിവിലായിരുന്നു. ഖത്തറിൽ നടന്ന ലോകകപ്പിന്റെ പ്രീ ക്വാർട്ടറിൽ മൊറോക്കോയോട് തോറ്റ് പുറത്തായതിന് പിന്നാലെ പരിശീലകൻ ലൂയിസ് എൻറിക്വെ രാജിവെച്ചു.
ഒരു ദശാബ്ദത്തിന് മുൻപ്, തുടർച്ചയായി രണ്ട് യൂറോപ്യൻ ചാമ്പ്യൻഷിപ്പുകളും 2010-ലെ ലോകകപ്പും നേടിയ സ്പാനിഷ് ടീം മികച്ച നിലവാരം പുലർത്തിയിരുന്നു. ആ നിലവാരത്തിൽ നോക്കിയാൽ, ഖത്തറിലെ തോൽവി പ്രധാന ടൂർണമെന്റുകളിലെ അവരുടെ തുടർച്ചയായ അഞ്ചാം പരാജയമായിരുന്നു. സ്പെയിൻ പന്ത് മുന്നോട്ട് കൊണ്ടുപോകുന്നതിനേക്കാൾ വശങ്ങളിലേക്കാണ് നീക്കുന്നതെന്ന് അന്നത്തെ മൊറോക്കോ പരിശീലകൻ വാലിദ് റെഗ്രാഗുയി പരിഹസിക്കുകയും ചെയ്തിരുന്നു.
ടീമിന് പുതിയ ഊർജ്ജം പകരാൻ കഴിയുന്ന ഒരു പരിശീലകനെ സ്പെയിന് ആവശ്യമായിരുന്നു. അപ്രതീക്ഷിതമായി ഫെഡറേഷൻ ലൂയിസ് ഡി ലാ ഫ്യൂയെന്റെയെ ആ സ്ഥാനത്തേക്ക് നിയമിച്ചു.
2010-ൽ നെതർലൻഡ്സിനെ തോൽപ്പിച്ച് കിരീടം ചൂടിയതിന് ശേഷം ലോകകപ്പ് നോക്കൗട്ട് മത്സരത്തിൽ വിജയിക്കാൻ കഴിയാതിരുന്ന സ്പെയിൻ ടീമിന്റെ വലിയൊരു തിരിച്ചുവരവാണിത്. ഈ മാറ്റത്തിന് പിന്നിൽ ലൂയിസ് ഡി ലാ ഫ്യൂയെന്റെയാണ്.
ജൂനിയർ ടീമുകളെ പരിശീലിപ്പിച്ചാണ് അദ്ദേഹം തന്റെ കരിയർ കെട്ടിപ്പടുത്തത്. എന്നാൽ സീനിയർ ടീം പരിശീലകനായുള്ള അദ്ദേഹത്തിന്റെ തുടക്കം അത്ര മികച്ചതായിരുന്നില്ല. യൂറോ 2024 യോഗ്യതാ മത്സരത്തിൽ സ്കോട്ട്‌ലൻഡിനോട് 2-0 ന് തോറ്റത് രണ്ടാം മത്സരത്തിലായിരുന്നു. ആ തോൽവി അദ്ദേഹത്തെ പുതിയൊരു ശൈലി പരീക്ഷിക്കാൻ പ്രേരിപ്പിച്ചു.
ടീമിനെ പുനർനിർമ്മിക്കാൻ, ജൂനിയർ തലത്തിൽ താൻ പരിശീലിപ്പിച്ച താരങ്ങളെത്തന്നെ അദ്ദേഹം കൂട്ടുപിടിച്ചു. ഇപ്പോൾ 64 വയസ്സുള്ള ഡി ലാ ഫ്യൂയെന്റെ 2015-ലെ അണ്ടർ-19 യൂറോപ്യൻ ചാമ്പ്യൻഷിപ്പ്, 2021-ലെ അണ്ടർ-21 യൂറോപ്യൻ ചാമ്പ്യൻഷിപ്പ് നേടിയ ടീമുകളുടെയും, ടോക്യോ ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടിയ ടീമിന്റെയും പരിശീലകനായിരുന്നു.
ആദ്യ 10 മത്സരങ്ങളിൽ 12 പുതിയ താരങ്ങളെ അദ്ദേഹം അരങ്ങേറ്റം നടത്തിച്ചു. യുവതാരങ്ങളെ ടീമിന്റെ നട്ടെല്ലാക്കിയതോടെ സ്പെയിനിന്റെ കളിശൈലിയിലും മാറ്റം വന്നു.
പഴയ ടിക്കി-ടാക്ക ശൈലിക്ക് പകരം ആക്രമണാത്മകമായ ഫുട്ബോളിന് അദ്ദേഹം മുൻഗണന നൽകി. വേഗതയേറിയ വിങ്ങർമാർ, മുന്നേറ്റനിരയിൽ തിളങ്ങുന്നവർ, മധ്യനിരയിൽ റോഡ്രിയുടെ നിയന്ത്രണം, കൗമാരതാരം ലമിൻ യമാൽ എന്നിവർ ടീമിന് പുതിയ കരുത്തായി.
ലോകകപ്പിനായി അദ്ദേഹം യുവതാരങ്ങൾക്ക് കൂടുതൽ അവസരം നൽകി. ചരിത്രത്തിലാദ്യമായി റയൽ മാഡ്രിഡിൽ നിന്നുള്ള ഒരു താരം പോലുമില്ലാതെയാണ് സ്പെയിൻ ലോകകപ്പിനെത്തുന്നത്. 26 അംഗ ടീമിൽ 10 പേർ (മൈക്കൽ മെറിനോ, ഉനായി സൈമൺ, റോഡ്രി, ഫാബിയൻ റൂയിസ്, ഡാനി ഓൽമോ, മൈക്കൽ ഒയാർസബാൽ, മാർക്ക് കുക്കുറെല്ല, മാർട്ടിൻ സുബിമെൻഡി, എറിക് ഗാർഷ്യ, പെഡ്രി) അദ്ദേഹം ജൂനിയർ തലത്തിൽ പരിശീലിപ്പിച്ചവരാണ്.
2023 മാർച്ചിൽ സ്കോട്ട്‌ലൻഡിനോട് തോറ്റ ശേഷം, കളിച്ച 31 മത്സരങ്ങളിലും സ്പെയിൻ പരാജയപ്പെട്ടിട്ടില്ല. ഡി ലാ ഫ്യൂയെന്റെയുടെ വിജയം പലർക്കും അപ്രതീക്ഷിതമാണെങ്കിലും, അദ്ദേഹത്തിന്റെ കരിയർ നോക്കുമ്പോൾ അത്ഭുതപ്പെടാനില്ല.
വടക്കൻ സ്പെയിനിൽ ജനിച്ച അദ്ദേഹം അത്ലറ്റിക് ബിൽബാവോയുടെ പ്രതിരോധ താരമായിരുന്നു. 1982-83, 1983-84 സീസണുകളിൽ ലാ ലിഗ കിരീടവും 1983-84 ൽ കോപ്പ ഡെൽ റേ കിരീടവും നേടിയ ടീമിൽ അദ്ദേഹം അംഗമായിരുന്നു.
സ്പെയിനിന്റെ ജൂനിയർ ടീമുകൾക്കായി കളിച്ചിട്ടുണ്ടെങ്കിലും സീനിയർ ടീമിൽ അവസരം ലഭിച്ചിരുന്നില്ല.
പിന്നീട്, ജൂനിയർ ടീമുകളെ പരിശീലിപ്പിക്കുമ്പോൾ ഫുട്ബോളിന്റെ പരിണാമവും ടീം ബിൽഡിംഗും അദ്ദേഹം യുവ പരിശീലകർക്കായി പഠിപ്പിച്ചിരുന്നു.
ചാവി ഹെർണാണ്ടസ്, സാബി അലോൺസോ, 2023 വനിതാ ലോകകപ്പ് നേടിയ സ്പെയിൻ ടീമിന്റെ അസിസ്റ്റന്റ് കോച്ച് മോൺസെ ടോം, 2022 ലോകകപ്പ് ജേതാവായ അർജന്റീനയുടെ ലയണൽ സ്കലോണി എന്നിവർ അദ്ദേഹത്തിന്റെ ശിഷ്യന്മാരാണ്.
ഇപ്പോൾ വടക്കേ അമേരിക്കയിൽ വെച്ച്, തന്റെ ശിഷ്യന്മാരുമായി ചേർന്ന് ഫുട്ബോളിന്റെ ഏറ്റവും വലിയ പീഠത്തിലേക്ക് രാജ്യത്തെ എത്തിക്കാൻ അദ്ദേഹം തയ്യാറെടുക്കുകയാണ്.

