close
ബുധനാഴ്‌ച, ഏപ്രിൽ 15
Advertisement
Telegram Channel Join Now
WhatsApp Channel Join Now

ഐഎസ്എൽ: പഞ്ചാബ് എഫ്‌സിക്കെതിരെ മോഹൻ ബഗാൻ സൂപ്പർ ജയന്റിന് തകർപ്പൻ വിജയം

കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഇന്ത്യൻ സൂപ്പർ ലീഗ് (ISL) 2025-26 മത്സരത്തിൽ പഞ്ചാബ് എഫ്‌സിയെ 3-2 എന്ന സ്‌കോറിന് പരാജയപ്പെടുത്തി മോഹൻ ബഗാൻ സൂപ്പർ ജയന്റ്. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ നേടിയ ഗോളിലൂടെയാണ് മോഹൻ ബഗാൻ വിജയം പിടിച്ചെടുത്തത്.

മത്സരത്തിന്റെ തുടക്കത്തിൽ തന്നെ പഞ്ചാബ് എഫ്‌സി ലീഡ് നേടി. 12-ാം മിനിറ്റിൽ മുഹമ്മദ് ഉവൈസിന്റെ ക്രോസിൽ നിന്ന് ഡാനിയൽ റാമിറസ് പഞ്ചാബിനായി ഗോൾ കണ്ടെത്തി. എന്നാൽ 29-ാം മിനിറ്റിൽ റോബ്‌സൺ റോബിഞ്ഞോയുടെ അസിസ്റ്റിലൂടെ ജാമി മക്ലാരൻ മോഹൻ ബഗാന് സമനില നേടിക്കൊടുത്തു.

രണ്ടാം പകുതിയിൽ ഇരു ടീമുകളും ആക്രമണങ്ങൾ കടുപ്പിച്ചു. 60-ാം മിനിറ്റോടെ ബീഡെ ഒസുജിയുടെ പാസിൽ നിന്ന് എൻസുങ്കുസി എഫിയോങ് വോളിയിലൂടെ പഞ്ചാബ് എഫ്‌സിയെ വീണ്ടും മുന്നിലെത്തിച്ചു. മത്സരത്തിൽ പരാജയം മണത്ത മോഹൻ ബഗാൻ പരിശീലകൻ സെർജിയോ ലോബേറ ആക്രമണനിരയിൽ നിർണ്ണായകമായ മാറ്റങ്ങൾ വരുത്തി. 73-ാം മിനിറ്റിൽ സബ്‌സ്റ്റിറ്റ്യൂട്ട് താരം സഹൽ അബ്ദുൽ സമദ് ലോങ്ങ് റേഞ്ചറിലൂടെ ടീമിനായി രണ്ടാമത്തെ ഗോൾ നേടി സമനില പിടിച്ചു.

Advertisement

തുടർന്ന് ആത്മവിശ്വാസത്തോടെ കളിച്ച മോഹൻ ബഗാൻ 90+1 മിനിറ്റിൽ വിജയഗോൾ സ്വന്തമാക്കി. പകരക്കാരനായി ഇറങ്ങിയ ജേസൺ കമ്മിങ്‌സാണ് ടീമിന് അവിസ്മരണീയമായ വിജയം സമ്മാനിച്ചത്.

Read Also:  ഫിഫ സീരീസ്: കെനിയയോട് തോറ്റ് ഇന്ത്യ സെമിയിൽ പുറത്ത്

ഈ വിജയത്തോടെ എട്ട് മത്സരങ്ങളിൽ നിന്ന് 17 പോയിന്റുമായി മോഹൻ ബഗാൻ പോയിന്റ് പട്ടികയിൽ രണ്ടാമതെത്തി. 18 പോയിന്റുള്ള മുംബൈ സിറ്റി എഫ്‌സിയാണ് പട്ടികയിൽ ഒന്നാമത്. നിലവിൽ കിരീടപ്പോരാട്ടത്തിൽ മോഹൻ ബഗാൻ ശക്തമായ സ്ഥാനത്താണ് തുടരുന്നത്.

ഏപ്രിൽ 12, 2026-ന് പ്രസിദ്ധീകരിച്ചത്.


Share.

Latest ISL, MLS, Saudi, Indian, Premier, Champions League, Laliga, football live News, Transfers, Lineups, Schedules, And Complete Match Results.