ബാഴ്‌സലോണയിലേക്കില്ലെന്ന് ജൂലിയൻ അൽവാരസ്; ട്രാൻസ്ഫർ അഭ്യൂഹങ്ങൾ തള്ളി അത്ലറ്റിക്കോ മാഡ്രിഡ് താരം
ബാഴ്‌സലോണയിലേക്ക് മാറുമെന്ന തരത്തിൽ ഉയരുന്ന ട്രാൻസ്ഫർ അഭ്യൂഹങ്ങളെ തള്ളി അത്ലറ്റിക്കോ മാഡ്രിഡ് സ്‌ട്രൈക്കർ ജൂലിയൻ അൽവാരസ്. നിലവിൽ താൻ തന്റെ ക്ലബ്ബായ അത്ലറ്റിക്കോ മാഡ്രിഡിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അർജന്റീന താരം വ്യക്തമാക്കി.
ആഴ്‌സണലിനെതിരായ അത്ലറ്റിക്കോ മാഡ്രിഡിന്റെ യുവേഫ ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടർച്ചയായി വരുന്ന ഇത്തരം ട്രാൻസ്ഫർ വാർത്തകൾ തനിക്ക് അതൃപ്തി ഉണ്ടാക്കുന്നുണ്ടെന്നും താരം പറഞ്ഞു.
“ഇതിനെക്കുറിച്ചുള്ള വാർത്തകൾക്ക് ഞാൻ അമിത പ്രാധാന്യം നൽകുന്നില്ല. കാരണം ഓരോ ആഴ്‌ചയും പുതിയ വിവരങ്ങൾ പുറത്തുവന്നുകൊണ്ടേയിരിക്കുകയാണ്,” അൽവാരസ് പറഞ്ഞു.
“ഇത്തരം കാര്യങ്ങളിൽ ഊർജ്ജം കളയാതെ അത്ലറ്റിക്കോയിൽ ഞങ്ങൾ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഞാൻ ശ്രമിക്കുന്നത്,” അദ്ദേഹം കൂട്ടിച്ചേർത്തു.
തന്നെ ബാഴ്‌സലോണയുമായി ബന്ധപ്പെടുത്തി പ്രചരിക്കുന്ന വാർത്തകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും അൽവാരസ് തുറന്നടിച്ചു.
“ഇതൊരു നുണക്കഥയായി മാറുകയാണ്,” അദ്ദേഹം വ്യക്തമാക്കി.
2024-ൽ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നാണ് അൽവാരസ് അത്ലറ്റിക്കോ മാഡ്രിഡിൽ എത്തിയത്. ഡീഗോ സിമിയോണിന്റെ ടീമിലെ നിർണ്ണായക താരമായ അൽവാരസിന് 2030 വരെ ക്ലബ്ബുമായി കരാറുണ്ട്.

