വെയ്ൻ റൂണി മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളുടെ മാതൃകയെന്ന് കോബി മൈനൂ
മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസവും ക്ലബ്ബിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനുമായ വെയ്ൻ റൂണിയെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് യുവതാരം കോബി മൈനൂ. ഒരു മാഞ്ചസ്റ്റർ യുണൈറ്റഡ് താരം എങ്ങനെയായിരിക്കണം എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് റൂണിയെന്ന് മൈനൂ അഭിപ്രായപ്പെടുന്നു.
“പരിശീലകർ യുണൈറ്റഡ് താരങ്ങളെക്കുറിച്ച് പറയുമ്പോൾ എന്റെ മനസ്സിൽ ആദ്യം തെളിയുന്നത് റൂണിയുടെ ചിത്രമാണ്. കഠിനാധ്വാനിയും പോരാളിയുമായ അദ്ദേഹം മികച്ച സാങ്കേതിക മികവുള്ള കളിക്കാരൻ കൂടിയായിരുന്നു. കളിക്കളത്തിൽ എന്ത് ചെയ്യാനും റൂണിക്ക് സാധിച്ചിരുന്നു,” മൈനൂ പറഞ്ഞു.
തന്റെ കളിശൈലിയെ രൂപപ്പെടുത്തുന്നതിൽ റൂണിയുടെ സ്വാധീനം വളരെ വലുതാണ്. പന്തിലുള്ള നിയന്ത്രണവും ടീമിനെ നയിക്കാനുള്ള ശേഷിയും സഹതാരങ്ങളോട് കാണിച്ചിരുന്ന ബഹുമാനവുമെല്ലാം റൂണിയെ വ്യത്യസ്തനാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ ബാല്യകാലത്തെക്കുറിച്ചും കോബി മൈനൂ ഓർക്കുന്നുണ്ട്. റൂണിയെ കൂടാതെ റൊണാൾഡീഞ്ഞോ, ക്രിസ്റ്റ്യാനോ റൊണാൾഡോ, മെസ്സി, നെയ്മർ തുടങ്ങിയ താരങ്ങളുടെ വീഡിയോകൾ യൂട്യൂബിൽ കണ്ടാണ് താൻ ഫുട്ബോൾ പഠിച്ചതെന്ന് അദ്ദേഹം പറയുന്നു.
“യൂട്യൂബിൽ വീഡിയോകൾ കണ്ടു കഴിഞ്ഞാൽ പിറ്റേന്ന് അതിരാവിലെ തന്നെ വീടിനടുത്തുള്ള മൈതാനത്തേക്ക് ഞാൻ പരിശീലനത്തിന് ഇറങ്ങും. എന്റെ കിറ്റും ബൂട്ടും തലേദിവസം തന്നെ തയ്യാറാക്കി വെക്കും. അച്ഛനെയോ സഹോദരിയെയോ അല്ലെങ്കിൽ ആരെയെങ്കിലും കൂടെക്കൂട്ടിയാണ് ഞാൻ പരിശീലനം നടത്തിയിരുന്നത്,” മൈനൂ വെളിപ്പെടുത്തി.

