‘ബേബി ഹാളണ്ട്’ ഇനി കോപ്പറിലെ താരം; കൗമാര പ്രതിഭയുമായി പ്രൊഫഷണൽ കരാർ ഒപ്പിട്ടു
ശരീരപ്രകൃതി കൊണ്ട് ശ്രദ്ധേയനായ കൗമാര താരം ആരോൺ വുസിച്ചിനെ ‘ബേബി ഹാളണ്ട്’ എന്നാണ് ആരാധകർ വിശേഷിപ്പിക്കുന്നത്. കോപ്പർ അക്കാദമിയിലെ ഏറ്റവും മികച്ച താരമായി ഈ മുന്നേറ്റനിരക്കാരൻ ഇതിനകം മാറിക്കഴിഞ്ഞു.
സ്ലോവേനിയയിൽ നിന്നുള്ള ഈ യുവതാരം മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. വുസിച്ചിന്റെ കളി മികവ് യൂറോപ്പിലെ വമ്പൻ ക്ലബ്ബുകളുടെ ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്.
ഇറ്റാലിയൻ ക്ലബ്ബായ യുവന്റസ് താരത്തിൽ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കൂടാതെ, ബയേൺ മ്യൂണിക്ക്, ബാഴ്സലോണ തുടങ്ങിയ ക്ലബ്ബുകളുടെ സ്കൗട്ടുകളും താരത്തിന്റെ ഓരോ നീക്കങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.
ഈ യുവതാരത്തെ സ്വന്തമാക്കാൻ വലിയ ക്ലബ്ബുകൾ രംഗത്തുള്ള സാഹചര്യത്തിൽ, കോപ്പർ ക്ലബ്ബ് ഭരണസമിതി അടിയന്തരമായി തന്നെ തീരുമാനങ്ങൾ സ്വീകരിച്ചു.
സ്പോർട്ടിംഗ് ഡയറക്ടർ ഇവിക്ക ഗുബെറാക് വേഗത്തിൽ ഇടപെട്ട്, താരത്തിന്റെ ആദ്യ പ്രൊഫഷണൽ കരാർ ഒപ്പിട്ടു. ഇതനുസരിച്ച് 2029 വരെ താരം ബോണിഫിക്കയിൽ തുടരും.
വുസിച്ചിനെപ്പോലെ കഴിവുള്ള താരങ്ങൾക്ക് പ്രൊഫഷണൽ കരാർ നൽകുന്നതിലൂടെ ഭാവിയിൽ വലിയ തുകയ്ക്ക് താരത്തെ കൈമാറാൻ കഴിയുമെന്ന് കോപ്പർ വിശ്വസിക്കുന്നു.

