close
തിങ്കളാഴ്‌ച, ജൂൺ 22
Advertisement

താരപദവി ജീവിതത്തിലെ സ്വാതന്ത്ര്യം നഷ്ടപ്പെടുത്തിയെന്ന് ലമീൻ യമാൽ

താരപദവി തൻ്റെ നിത്യജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തിയെന്ന് ബാഴ്‌സലോണയുടെയും സ്പെയിനിൻ്റെയും യുവതാരം ലമീൻ യമാൽ. സാധാരണക്കാർ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന് വേണ്ടി പ്രശസ്തിയുടെ പല കാര്യങ്ങളും ഉപേക്ഷിക്കാൻ താൻ തയ്യാറാണെന്ന് പതിനെട്ടുകാരനായ താരം വ്യക്തമാക്കി.

ചട്ടനൂഗയിലെ സ്പെയിൻ ടീമിൻ്റെ പരിശീലന ക്യാമ്പിൽ വെച്ചാണ് യമാൽ ഇക്കാര്യം തുറന്നു പറഞ്ഞത്. പുറത്തുപോയി ഭക്ഷണം കഴിക്കുക, ഷോപ്പിംഗ് നടത്തുക, സിനിമ കാണുക തുടങ്ങിയ ലളിതമായ കാര്യങ്ങൾ പോലും ഇപ്പോൾ തനിക്ക് അസാധ്യമാണെന്ന് താരം പറയുന്നു.

“സമാധാനത്തോടെ പുറത്തിറങ്ങി ഭക്ഷണം കഴിക്കാനോ സിനിമ കാണാനോ കഴിയുന്നതിൻ്റെ വില പലരും അറിയുന്നില്ല. ബാഴ്‌സലോണയുടെ മധ്യഭാഗത്തേക്ക് പോയി വസ്ത്രങ്ങൾ വാങ്ങാനും ഭക്ഷണം കഴിക്കാനും ശേഷം വീട്ടിലേക്ക് മടങ്ങാനും ആർക്കും സാധിക്കും. എന്നാൽ എനിക്കത് കഴിയില്ല. തനിക്ക് ലഭിച്ചിട്ടുള്ള പല സൗഭാഗ്യങ്ങളും ഉപേക്ഷിച്ചാണെങ്കിലും ഒരു സ്വതന്ത്ര വ്യക്തിയായി ജീവിക്കാനാണ് താൻ ആഗ്രഹിക്കുന്നത്,” യമാൽ പറഞ്ഞു.

Advertisement

തനിക്ക് പ്രശസ്തി ലഭിച്ചതിനെക്കുറിച്ച് യമാൽ ഓർമ്മിച്ചതിങ്ങനെ; പതിമൂന്നാം വയസ്സിൽ സുഹൃത്തുക്കളോടൊപ്പം പാർക്കിൽ ഇരിക്കുമ്പോൾ ഒരാൾ തിരിച്ചറിഞ്ഞപ്പോഴാണ് താൻ പ്രശസ്തനായെന്ന് ആദ്യമായി മനസ്സിലായത്.

“സുഹൃത്തുക്കളോടൊപ്പം പാർക്കിൽ പോയപ്പോൾ ഒരു കുട്ടി എന്നെ തിരിച്ചറിഞ്ഞു. അവിടെ നിന്നാണ് എല്ലാം തുടങ്ങിയത്: ‘അതാ ബാഴ്‌സയിലെ ആ പയ്യൻ, വലിയ കഴിവുള്ളവനെന്ന് പറയപ്പെടുന്നവൻ.’”

ആത്മവിശ്വാസവും അഹങ്കാരവും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചും യമാൽ സംസാരിച്ചു.

“ഇവ രണ്ടും വ്യത്യസ്തമായ കാര്യങ്ങളാണ്. ഒന്ന് അഹംഭാവവും മറ്റൊന്ന് ആത്മവിശ്വാസവുമാണ്. രണ്ടും പ്രധാനപ്പെട്ടതാണ്. പലപ്പോഴും ആളുകൾ ആത്മവിശ്വാസത്തെ അഹംഭാവമായി തെറ്റിദ്ധരിക്കാറുണ്ട്. നമ്മൾ ജീവിക്കുന്ന ഈ ലോകത്ത്, വേണ്ടത്ര ആത്മവിശ്വാസം ഇല്ലെങ്കിൽ ആളുകൾ നിങ്ങളെ തകർത്തു കളയുമെന്ന് എനിക്ക് തോന്നുന്നു.”

കുറച്ച് അഹംഭാവം ഉണ്ടാവുന്നത് തെറ്റല്ലെന്നും താരം കൂട്ടിച്ചേർത്തു. “ചെറിയൊരു അഹംഭാവം ഉണ്ടാവുന്നത് രസകരമാണ്. പത്രസമ്മേളനങ്ങളിൽ പങ്കെടുക്കുമ്പോൾ അതൊരു തമാശ കൂടിയാണ്,” യമാൽ പറഞ്ഞു.


Share.

Latest ISL, MLS, Saudi, Indian, Premier, Champions League, Laliga, football live News, Transfers, Lineups, Schedules, And Complete Match Results.