സ്പെയിനിനെ തിരഞ്ഞെടുത്ത ലാമിൻ യമാലിനെ വെല്ലുവിളിച്ച് മൊറോക്കൻ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ്
സ്പെയിനിനെ പ്രതിനിധീകരിക്കാനുള്ള ലാമിൻ യമാലിന്റെ തീരുമാനം ശരിയോ എന്ന് ലോകകപ്പ് ഫൈനലിൽ തെളിയിക്കണമെന്ന വെല്ലുവിളിയുമായി റോയൽ മൊറോക്കൻ ഫുട്ബോൾ ഫെഡറേഷൻ (FRMF) പ്രസിഡന്റ് ഫൗസി ലെക്ജ. ബാഴ്സലോണ താരത്തെ മൊറോക്കൻ ടീമിലെത്തിക്കാൻ സ്പെയിനിലും മൊറോക്കോയിലുമായി തങ്ങൾ പലതവണ ചർച്ചകൾ നടത്തിയിരുന്നെന്നും എന്നാൽ ഫലം കണ്ടില്ലെന്നും അദ്ദേഹം ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.
യമാലിന്റെ തീരുമാനത്തെ താൻ ബഹുമാനിക്കുന്നുവെന്ന് ലെക്ജ ആവർത്തിച്ചു. മൊറോക്കൻ വംശജനായ പിതാവിനു ജനിച്ച താരം സ്പെയിനിനെ തിരഞ്ഞെടുത്തുവെങ്കിലും, വരുംകാലത്ത് ഒരു ലോകകപ്പ് ഫൈനലിൽ തങ്ങൾ നേർക്കുനേർ വരണമെന്നും, അപ്പോൾ അദ്ദേഹത്തിന്റെ തീരുമാനം എത്രത്തോളം ശരിയായിരുന്നുവെന്ന് തെളിയിക്കണമെന്നുമാണ് തന്റെ ആഗ്രഹമെന്ന് ലെക്ജ പറഞ്ഞു. മൊറോക്കൻ ഫുട്ബോളിന്റെ ഭാവി പദ്ധതികളെക്കുറിച്ച് താരത്തോട് വിശദീകരിച്ചിട്ടുണ്ടെന്നും, അദ്ദേഹത്തിന്റെ തീരുമാനത്തെ മാനിക്കുന്നുവെന്നും താരം എല്ലാവിധ വിജയങ്ങളും നേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യൂറോപ്പിൽ ജനിച്ച മികച്ച ഫുട്ബോൾ താരങ്ങളെ മൊറോക്കൻ ടീമിലേക്ക് ആകർഷിക്കാൻ സാധിക്കുന്നതിന്റെ രഹസ്യം തങ്ങളുടെ കരുത്തുറ്റ ഫുട്ബോൾ പദ്ധതിയാണെന്ന് ലെക്ജ പറഞ്ഞു. ആഫ്രിക്കൻ ടൂർണമെന്റുകളിലും ലോകകപ്പുകളിലും സ്ഥിരമായി മത്സരിക്കാനും മികച്ച പ്രകടനം പുറത്തെടുക്കാനും ടീമിന് സാധിക്കുന്നുണ്ട്. ഇത്തരത്തിലുള്ള സുസ്ഥിരമായ അന്താരാഷ്ട്ര പദ്ധതികളാണ് താരങ്ങളെ തങ്ങളിലേക്ക് ആകർഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

