മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ പരിശീലകനായി മൈക്കിൾ കാറിക്ക്; കരാർ രണ്ട് വർഷത്തേക്ക്
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സ്ഥിരം പരിശീലകനായി ക്ലബ്ബ് ഇതിഹാസം മൈക്കിൾ കാറിക്കിനെ നിയമിച്ചു. രണ്ട് വർഷത്തേക്കാണ് കരാർ. ഇടക്കാല പരിശീലകനെന്ന നിലയിൽ ടീമിനെ മൂന്നാം സ്ഥാനത്തെത്തിക്കാനും ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിക്കൊടുക്കാനും കാറിക്കിന് സാധിച്ചിരുന്നു. കാറിക്കിനെ നിയമിക്കുന്നതിന് മുൻപ് മറ്റ് ആറ് പരിശീലകരെ യുണൈറ്റഡ് പരിഗണിച്ചിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
തോമസ് ടുക്കലിനെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, അദ്ദേഹം ഇംഗ്ലീഷ് ടീമുമായുള്ള കരാർ നീട്ടി. ജർമ്മൻ പരിശീലകൻ ജൂലിയൻ നാഗൽസ്മാനെയും ക്ലബ്ബ് പരിഗണിച്ചിരുന്നുവെങ്കിലും, ലോകകപ്പ് മുന്നൊരുക്കങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാലാണ് അദ്ദേഹത്തെ സമീപിക്കാതിരുന്നത്. കാർലോ ആഞ്ചലോട്ടി ഉൾപ്പെടെയുള്ള പ്രമുഖരെ പരിഗണിച്ചെങ്കിലും, ബ്രസീൽ ടീമിനൊപ്പം തുടരാനാണ് അദ്ദേഹം തീരുമാനിച്ചത്.
ബോൺമൗത്ത് പരിശീലകൻ അന്റോണി ഇരൗളയെയും ക്ലബ്ബ് വിലയിരുത്തിയെങ്കിലും അദ്ദേഹം ഈ സ്ഥാനത്തേക്ക് അനുയോജ്യനല്ലെന്ന് അധികൃതർ വിലയിരുത്തി. ആസ്റ്റൺ വില്ലയുടെ ഉനായ് എമെറിയെ പരിഗണിച്ചെങ്കിലും, 20 ദശലക്ഷം പൗണ്ട് നഷ്ടപരിഹാരത്തുകയും, വില്ല പാർക്കിലുള്ള അത്രയും അധികാരം ലഭിച്ചില്ലെങ്കിൽ അദ്ദേഹം മികച്ച പ്രകടനം പുറത്തെടുക്കുമോ എന്ന സംശയവും തിരിച്ചടിയായി. പിഎസ്ജിക്കൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടം ലക്ഷ്യമിടുന്ന ലൂയിസ് എൻറിക്കെയെയും ക്ലബ്ബ് ആഗ്രഹിച്ചിരുന്നെങ്കിലും അദ്ദേഹം നിലവിൽ ലഭ്യമായിരുന്നില്ല.
കാറിക്കിന്റെ നിയമനത്തിനെതിരെ റോയ് കീൻ, ഗാരി നെവിൽ തുടങ്ങിയ മുൻ താരങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. ഫലങ്ങൾ എന്തുതന്നെയായാലും കാറിക്കിനെ സ്ഥിരം പരിശീലകനായി നിയമിക്കരുതെന്ന് ഇവർ വാദിച്ചിരുന്നു. എന്നാൽ, തനിക്ക് ലഭിച്ച അവസരത്തിൽ അഭിമാനമുണ്ടെന്ന് കാറിക്ക് പ്രതികരിച്ചു. തന്റെ അഞ്ച് മാസത്തെ പരിശീലന കാലയളവിൽ ടീം വലിയ ഒത്തൊരുമയും പോരാട്ടവീര്യവുമാണ് കാണിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

