മാഞ്ചസ്റ്റർ സിറ്റിയോട് വിടപറഞ്ഞ് പെപ്പ് ഗ്വാർഡിയോള; ഇത് എന്റെ വീടെന്ന് പരിശീലകൻ
മാഞ്ചസ്റ്റർ സിറ്റിയിൽ പത്ത് വർഷം പൂർത്തിയാക്കിയതിന് ശേഷം പെപ്പ് ഗ്വാർഡിയോള എത്തിഹാദ് സ്റ്റേഡിയത്തിൽ വെച്ച് വിടവാങ്ങൽ പ്രസംഗം നടത്തി. ആസ്റ്റൺ വില്ലയുമായുള്ള മത്സരത്തിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ വൈകാരികമായ പ്രതികരണം. മാഞ്ചസ്റ്റർ തനിക്ക് സ്വന്തം വീട് പോലെയാണെന്നും, ഭാവിയിൽ എവിടെയെങ്കിലും വെച്ച് കാണുകയാണെങ്കിൽ ആരാധകർ തന്നെ വന്ന് കെട്ടിപ്പിടിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
“ഇവിടെ പത്ത് വർഷം തുടരുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. മാഞ്ചസ്റ്റർ എന്റെ വീടായി മാറി,” ഗ്വാർഡിയോള പറഞ്ഞു.
പ്രസംഗം അവസാനിപ്പിക്കുമ്പോൾ ആരാധകർക്കായി അദ്ദേഹം ഒരു പ്രത്യേക സന്ദേശവും നൽകി: “നിങ്ങളെല്ലാവരും വീട്ടിലേക്ക് മടങ്ങുന്നതിന് മുൻപ് ഒരു കാര്യം കൂടി പറയാം… വരും വർഷങ്ങളിൽ ലോകത്ത് എവിടെയെങ്കിലും വെച്ച് നിങ്ങൾ എന്നെ കണ്ടുമുട്ടിയാൽ, നിങ്ങൾ മാഞ്ചസ്റ്റർ സിറ്റി ആരാധകരാണെങ്കിൽ, ദയവായി വന്ന് എന്നെ കെട്ടിപ്പിടിക്കുക. എനിക്കതിന്റെ ആവശ്യമുണ്ട്.”
തന്റെ ടീം നൽകിയ സംഭാവനകളെക്കുറിച്ചും ക്ലബ്ബിന്റെ നിലവാരം നിലനിർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഗ്വാർഡിയോള സംസാരിച്ചു.
“കളിക്കാർക്ക് അത് അറിയില്ലായിരിക്കാം, പക്ഷേ ഞാൻ അവരെ നിരീക്ഷിച്ചുകൊണ്ട് അവിടെയുണ്ടാകും!” അദ്ദേഹം പറഞ്ഞു. “ഫെർണാണ്ടിഞ്ഞോ, ഇൽക്കായ് ഗുണ്ടോഗൻ, എഡേഴ്സൺ, ജോൺ സ്റ്റോൺസ്, ബെർണാഡോ സിൽവ തുടങ്ങിയ ഇതിഹാസങ്ങൾ സൃഷ്ടിച്ച പ്രകടനങ്ങളും നിലവാരവും അവർ തുടരണം. ജോണിന്റെയും ബെർണിയുടെയും അവിശ്വസനീയമായ കരിയറിനും നമ്മുടെ ജേഴ്സിയിൽ അവർ കളിച്ച മത്സരങ്ങൾക്കും അഭിനന്ദനങ്ങൾ. ഈ നിലവാരം കാത്തുസൂക്ഷിക്കേണ്ട വലിയ ഉത്തരവാദിത്തം അവർക്കുണ്ട്.”
തന്റെ കാലയളവിൽ മാഞ്ചസ്റ്റർ സിറ്റിയുടെ വിജയങ്ങൾ ആരാധകർക്ക് നൽകിയ സന്തോഷത്തെക്കുറിച്ചും തന്റെ കുടുംബം അവിടെയുണ്ടായതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഗ്വാർഡിയോള പരാമർശിച്ചു.
“ഈ അവിശ്വസനീയരായ കളിക്കാരിലൂടെ, ആളുകൾക്ക് സന്തോഷം നൽകുന്ന വൈകാരിക നിമിഷങ്ങൾ സമ്മാനിക്കാൻ സാധിച്ചുവെന്ന് കരുതുന്നു. അതിന് വേണ്ടിയാണ് നമ്മൾ ഇവിടെയുള്ളത്,” അദ്ദേഹം വ്യക്തമാക്കി.
“എന്റെ പിതാവ് സ്റ്റാൻഡിലുണ്ട്, അദ്ദേഹത്തിന് 94 വയസ്സായി. ഒരുപക്ഷേ അദ്ദേഹം അത് തിരിച്ചറിയുന്നുണ്ടാകില്ല, എന്നാൽ എന്റെ ഭാര്യയ്ക്കും മക്കൾക്കും അറിയാം, വരും വർഷങ്ങളിലും നമ്മുടെ കുടുംബപ്പേര് ഇവിടെയുണ്ടാകുമെന്ന്. ഈ ക്ലബ്ബിൽ നിന്ന് ലഭിച്ച ഏറ്റവും വലിയ ബഹുമതിയാണിത്.”
ക്ലബ്ബിന്റെ നേതൃത്വത്തിന് നന്ദി അറിയിച്ച ഗ്വാർഡിയോള, ഷെയ്ഖ് മൻസൂറിനും പ്രത്യേകിച്ച് ഖൽദൂൺ അൽ മുബാറക്കിനും തനിക്ക് നൽകിയ ബഹുമതികൾക്ക് നന്ദി പറഞ്ഞു.

