മാഞ്ചസ്റ്റർ സിറ്റിക്കെതിരെ നിയമനടപടിക്കൊരുങ്ങി പ്രീമിയർ ലീഗ് ക്ലബ്ബുകൾ: നഷ്ടപരിഹാരമായി ആവശ്യപ്പെടുക 100 ദശലക്ഷം പൗണ്ടിലേറെ
പ്രീമിയർ ലീഗിലെ സാമ്പത്തിക ചട്ടങ്ങൾ ലംഘിച്ചതായി മാഞ്ചസ്റ്റർ സിറ്റി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ, ക്ലബ്ബിൽ നിന്ന് ഓരോ ടീമും 100 ദശലക്ഷം പൗണ്ടിലേറെ നഷ്ടപരിഹാരം ആവശ്യപ്പെടാൻ സാധ്യതയെന്ന് റിപ്പോർട്ട്. എവർട്ടനെതിരെ ബേൺലി നേടിയ നിയമപോരാട്ടത്തിന്റെ വിജയത്തിന് പിന്നാലെയാണ് ഇത്തരമൊരു നീക്കത്തിന് പ്രീമിയർ ലീഗിലെ മറ്റ് ക്ലബ്ബുകൾ തയ്യാറെടുക്കുന്നത്.
പ്രീമിയർ ലീഗ് ചട്ടങ്ങൾ ലംഘിച്ചതിലൂടെ മാഞ്ചസ്റ്റർ സിറ്റിക്ക് കായിക നേട്ടങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് തെളിഞ്ഞാൽ നഷ്ടപരിഹാരം തേടാനുള്ള അവകാശം നിലനിർത്തി ആഴ്‌സണൽ, ലിവർപൂൾ, മാഞ്ചസ്റ്റർ യുണൈറ്റഡ്, ടോട്ടനം എന്നീ ക്ലബ്ബുകൾ 2024-ൽ നിയമപരമായ നോട്ടീസുകൾ നൽകിയിട്ടുണ്ട്. ചാംപ്യൻസ് ലീഗ് വരുമാനത്തിലുണ്ടായ നഷ്ടവും മറ്റ് സാമ്പത്തിക ബാധ്യതകളും ഈ നഷ്ടപരിഹാരത്തുകയിൽ ഉൾപ്പെടുമെന്നാണ് നിയമവിദഗ്ധരുടെ വിലയിരുത്തൽ. പലിശ കൂടി ചേരുമ്പോൾ ഈ തുക ഇനിയും ഉയർന്നേക്കാം.
എവർട്ടന്റെ സാമ്പത്തിക ക്രമക്കേടുകൾ മൂലം തങ്ങൾ തരംതാഴ്ത്തപ്പെടേണ്ടി വന്നുവെന്ന ബേൺലിയുടെ വാദം സ്വതന്ത്ര കമ്മീഷൻ അംഗീകരിച്ചതോടെയാണ് ഈ നീക്കത്തിന് ആക്കം കൂടിയത്. തുടർന്ന് ബേൺലിക്ക് പലിശ സഹിതം 35 ദശലക്ഷം പൗണ്ട് ലഭിച്ചിരുന്നു. ഈ വിധിക്കെതിരെ എവർട്ടൻ അപ്പീൽ നൽകിയിട്ടുണ്ട്.
റോമൻ അബ്രമോവിച്ചിന്റെ ഉടമസ്ഥതയിലുള്ള സമയത്ത് ചെൽസി നടത്തിയ അപ്രഖ്യാപിത പേയ്‌മെന്റുകളുമായി ബന്ധപ്പെട്ട് പ്രീമിയർ ലീഗിന് നൽകിയ 10.75 ദശലക്ഷം പൗണ്ടിന്റെ സെറ്റിൽമെന്റിന് പിന്നാലെ ചെൽസിക്കെതിരെയും മറ്റ് ക്ലബ്ബുകൾക്ക് നിയമനടപടികൾ സ്വീകരിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതേസമയം, തെറ്റായ സാമ്പത്തിക റിപ്പോർട്ടുകൾ സമർപ്പിച്ചു എന്നതടക്കമുള്ള 115 ആരോപണങ്ങളും മാഞ്ചസ്റ്റർ സിറ്റി നിഷേധിച്ചു. പ്രീമിയർ ലീഗ് അന്വേഷണത്തോട് സഹകരിച്ചില്ല എന്ന ആരോപണവും ക്ലബ്ബ് തള്ളിക്കളയുന്നു.

