ലമീൻ യമാൽ ഭാവിയിലെ ബാലൺ ഡി ഓർ ജേതാവാകുമെന്ന് റോഡ്രി
സ്പെയിൻ ദേശീയ ടീമിലെ തന്റെ സഹതാരം ലമീൻ യമാലിനെ പ്രശംസിച്ച് മധ്യനിര താരം റോഡ്രി രംഗത്ത്. ബാഴ്‌സലോണയുടെ ഈ കൗമാര താരം ഭാവിയിൽ ബാലൺ ഡി ഓർ പുരസ്കാരം സ്വന്തമാക്കുമെന്ന് റോഡ്രി ഉറപ്പിച്ചു പറഞ്ഞു.
നേരത്തെ ഉസ്മാൻ ഡെംബലെയോട് നേരിയ വ്യത്യാസത്തിൽ ബാലൺ ഡി ഓർ നഷ്ടമായ യമാൽ, 2026-ലെ പുരസ്കാരത്തിനായുള്ള പ്രധാന മത്സരാർത്ഥിയായിരിക്കുമെന്ന് കരുതപ്പെടുന്നു.
വിനീഷ്യസ് ജൂനിയറിനെ മറികടന്ന് 2024-ലെ ബാലൺ ഡി ഓർ ജേതാവായ റോഡ്രി, ഈ യുവ മുന്നേറ്റനിര താരത്തിന്റെ അതുല്യമായ കഴിവുകളെക്കുറിച്ച് DAZN-നോട് സംസാരിക്കവെയാണ് തന്റെ അഭിപ്രായം പങ്കുവെച്ചത്. “അവൻ ഒരു മൃഗത്തെപ്പോലെയുള്ള കളിക്കാരനാണ്, അതിനാൽ ഒരു ദിവസം അവൻ ബാലൺ ഡി ഓർ നേടും,” റോഡ്രി വ്യക്തമാക്കി.
സ്പാനിഷ് ഫുട്ബോളിന്റെ വർത്തമാനവും ഭാവിയുമാണ് ലമീൻ യമാൽ എന്നും റോഡ്രി കൂട്ടിച്ചേർത്തു.
യമാലിന് ലഭിക്കുന്ന മാധ്യമ ശ്രദ്ധയെയും സമ്മർദ്ദത്തെയും കുറിച്ചും റോഡ്രി സംസാരിച്ചു. ഈ പ്രായത്തിൽ തന്നെ താരം കാണിക്കുന്ന പക്വതയെ അദ്ദേഹം പ്രത്യേകം പരാമർശിച്ചു:
“ലോകത്ത് അത്യപൂർവ്വമായ കഴിവുകളുള്ള കളിക്കാരെ എപ്പോഴും മാധ്യമങ്ങൾ പിന്തുടരും, അത് ഗുണകരമായാലും ദോഷകരമായാലും. എന്നാൽ 18 വയസ്സ് മാത്രം പ്രായമുള്ള അവന് കാര്യങ്ങളിൽ നല്ല പക്വതയും ശ്രദ്ധയുമുണ്ട്.”
നിലവിൽ 2026 ലോകകപ്പിനായുള്ള തയ്യാറെടുപ്പിലാണ് ഇരുവരും. എന്നാൽ അടുത്ത സീസണിൽ റോഡ്രി റയൽ മാഡ്രിഡിലേക്ക് കൂടുമാറുകയാണെങ്കിൽ, എൽ ക്ലാസിക്കോയിൽ ഇരുവരും എതിർ ചേരികളിൽ ഏറ്റുമുട്ടാൻ സാധ്യതയുണ്ട്.

