മേസൺ ഗ്രീൻവുഡിനായി ഔദ്യോഗിക ഓഫർ സമർപ്പിക്കാൻ റോമ: ട്രാൻസ്ഫർ നീക്കങ്ങൾ ശക്തമാക്കി
2026/27 സീസണിന് മുന്നോടിയായി ആക്രമണനിര ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മേസൺ ഗ്രീൻവുഡിനെ സ്വന്തമാക്കാൻ റോമ തയ്യാറെടുക്കുന്നു. അടുത്ത ആഴ്ച താരം വേണ്ടി ഔദ്യോഗിക ഓഫർ സമർപ്പിക്കുമെന്ന് ‘കൊറിയർ ഡെല്ലോ സ്പോർട്ട്’ റിപ്പോർട്ട് ചെയ്യുന്നു.
ജൂൺ അവസാനത്തിന് മുൻപ് തന്നെ ഈ ഇംഗ്ലീഷ് വിങ്ങറെ ടീമിലെത്തിക്കാനാണ് ജിയാലോറോസി ലക്ഷ്യമിടുന്നത്. മാഴ്സെയുടെ നിലവിലെ സാമ്പത്തിക സാഹചര്യം ഈ ട്രാൻസ്ഫർ നടപടികൾക്ക് അനുകൂലമാകുമെന്നാണ് റോമയുടെ കണക്കുകൂട്ടൽ.
നിലവിൽ 55 മില്യൺ യൂറോയാണ് ഗ്രീൻവുഡിന് മാഴ്സെ വിലയിട്ടിരിക്കുന്നത്. എന്നാൽ ഫിനാൻഷ്യൽ ഫെയർ പ്ലേ ചട്ടങ്ങൾ പാലിക്കുന്നതിനായി ഈ മാസാവസാനത്തിന് മുൻപ് പ്രധാന താരങ്ങളെ വിൽക്കാൻ മാഴ്സെ നിർബന്ധിതരായേക്കും.
ഏകദേശം 40 മില്യൺ യൂറോ വരുന്ന പാക്കേജാണ് റോമ മുന്നോട്ട് വെക്കുന്നത്. ഇതിൽ ബോണസുകളും വലിയൊരു സെൽ-ഓൺ ക്ലോസും ഉൾപ്പെടുന്നു. 5 മില്യൺ യൂറോ ലോൺ ഫീ, 25 മില്യൺ യൂറോയ്ക്ക് വാങ്ങാനുള്ള ബാധ്യത, 10 മില്യൺ യൂറോയുടെ അധിക ആനുകൂല്യങ്ങൾ എന്നിങ്ങനെയാണ് റോമയുടെ പദ്ധതി.
ഗ്രീൻവുഡിന്റെ പിതാവുമായും ഏജന്റുമായും റോമ ഇതിനകം ചർച്ചകൾ നടത്തിക്കഴിഞ്ഞു. സ്റ്റേഡിയോ ഒളിമ്പിക്കോയിലേക്കുള്ള മാറ്റത്തിന് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം തയ്യാറാണെന്നാണ് സൂചനകൾ.
പൗലോ ഡിബാലയുടെ ഭാവി എന്തായാലും ആക്രമണനിരയിൽ മാറ്റങ്ങൾ വരുത്താനാണ് സെരി എ ക്ലബ്ബായ റോമ ശ്രമിക്കുന്നത്.
ക്രിസ്റ്റ്യൻ പുലിസിച്ചിനെ പകരക്കാരനായി പരിഗണിക്കാൻ റോമയ്ക്ക് അവസരമുണ്ടെങ്കിലും ഗ്രീൻവുഡ് തന്നെയാണ് ക്ലബ്ബിന്റെ പ്രധാന ലക്ഷ്യം.
2025/26 സീസണിൽ മാഴ്സെക്കായി എല്ലാ മത്സരങ്ങളിലുമായി 48 തവണ ബൂട്ടണിഞ്ഞ ഗ്രീൻവുഡ്, 26 ഗോളുകളും 11 അസിസ്റ്റുകളും നേടിയിട്ടുണ്ട്.

