ലോകകപ്പ് ടീമിൽ ഹാരി മഗ്വയറിനെ ഉൾപ്പെടുത്താത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് വെയ്ൻ റൂണി
തോമസ് ടുക്കലിന്റെ പുതിയ ടീം തിരഞ്ഞെടുപ്പിൽ ഇംഗ്ലണ്ട് ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ വെയ്ൻ റൂണി അതൃപ്തി രേഖപ്പെടുത്തി. ലോകകപ്പ് സ്ക്വാഡിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രതിരോധ താരം ഹാരി മഗ്വയറിനെ ഒഴിവാക്കിയത് നിർഭാഗ്യകരമാണെന്ന് റൂണി അഭിപ്രായപ്പെട്ടു.
വെയ്ൻ റൂണി പോഡ്കാസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. മഗ്വയറിനെ ടീമിൽ നിന്ന് ഒഴിവാക്കിയ തീരുമാനം തന്നെ ഞെട്ടിച്ചുവെന്ന് റൂണി പറഞ്ഞു.
“ഇതൊരു വലിയ തീരുമാനമാണ്. അത് എന്നെ സംബന്ധിച്ചിടത്തോളം അൽപ്പം ഞെട്ടലുണ്ടാക്കി,” റൂണി വ്യക്തമാക്കി.
“ഹാരി മഗ്വയറിന്റെ നിലവിലെ ഫോം പരിശോധിക്കുമ്പോൾ, അദ്ദേഹത്തെ ടീമിൽ ഉൾപ്പെടുത്താത്തത് വലിയ നിർഭാഗ്യമാണ്. ഹാരി മഗ്വയറിനെ ടീമിലെടുത്ത് കളിപ്പിക്കാതെയിരിക്കുന്നത് അദ്ദേഹത്തോടുള്ള അനാദരവാകുമെന്ന് ടുക്കൽ കരുതിയിട്ടുണ്ടാകാം. എന്താണ് അദ്ദേഹം ചിന്തിച്ചതെന്ന് വ്യക്തമല്ല.”
“ഇവർ തമ്മിൽ ചർച്ചകൾ നടത്തിയിട്ടുണ്ടാകുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. പ്രതിരോധ നിരയിൽ പ്രധാനമായും പരിഗണിച്ചിരുന്നത് ഹാരി മഗ്വയറിനെയോ ഡാൻ ബേണിനെയോ ആയിരുന്നു. ടുക്കൽ ഡാൻ ബേണിനെ തിരഞ്ഞെടുക്കുകയായിരുന്നു.”
“ടുക്കലിന്റെ തീരുമാനങ്ങളിൽ ചിലതിനോട് വിയോജിപ്പുണ്ടെങ്കിലും, ഒരു പരിശീലകനെന്ന നിലയിൽ അദ്ദേഹത്തിൽ എനിക്ക് വിശ്വാസമുണ്ട്,” വെയ്ൻ റൂണി കൂട്ടിച്ചേർത്തു.

