റയൽ മാഡ്രിഡിന് കിരീടങ്ങൾ നഷ്ടമായിട്ടില്ലെന്ന് ലാലിഗ പ്രസിഡന്റ് ജാവിയർ തെബാസ്
റയൽ മാഡ്രിഡിന്റെ ഏഴ് ആഭ്യന്തര ലീഗ് കിരീടങ്ങൾ അന്യായമായി നഷ്ടപ്പെട്ടെന്ന വാദങ്ങളെ ലാലിഗ പ്രസിഡന്റ് ജാവിയർ തെബാസ് നിഷേധിച്ചു.
ക്ലബ്ബിനെ കബളിപ്പിച്ചതാണോ എന്ന ചോദ്യത്തിന്, “ഞാൻ അത് വിശ്വസിക്കുന്നില്ല, അത് സത്യമല്ല. 500 പേജുള്ള ആ റിപ്പോർട്ട് എനിക്ക് കാണണം. അവർ അതിൽ കാര്യങ്ങൾ കൂട്ടിച്ചേർത്തുകൊണ്ടിരിക്കുകയാണ്. എനിക്ക് എല്ലാം പരിശോധിക്കണം,” എന്നാണ് ലാലിഗ മേധാവി മറുപടി നൽകിയത്.
പുറത്തുനിന്നുള്ള സ്വാധീനത്തിന് ശ്രമം നടന്നെങ്കിലും, മത്സരങ്ങളിൽ അട്ടിമറി നടന്നിട്ടില്ലെന്ന് തെബാസ് വ്യക്തമാക്കി. “ഒരു ക്ലബ് റഫറി നിയമനങ്ങളെ സ്വാധീനിക്കാൻ ശ്രമിച്ചെന്നത് സത്യമാണ്. എന്നാൽ അവരെ കബളിപ്പിച്ചു എന്നത് തെറ്റാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത്തരത്തിലുള്ള പ്രചാരണങ്ങൾ ഫുട്ബോളിനും റഫറിമാരുടെ സാങ്കേതിക സമിതിക്കും (CTA), റയൽ മാഡ്രിഡിനും ദോഷകരമാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
അമിതമായ പരാതികൾ ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് വ്യക്തമാക്കിയ തെബാസ്, ഇരവാദം വളരാൻ അനുവദിക്കരുതെന്നും കൂട്ടിച്ചേർത്തു.

