കെആർസി ജെങ്കിൽ നിക്ഷേപകനായി തിബോ കോർട്ടുവ മടങ്ങിയെത്തുന്നു
തന്റെ പ്രൊഫഷണൽ ഫുട്ബോൾ ജീവിതം ആരംഭിച്ച കെആർസി ജെങ്ക് (KRC Genk) ക്ലബ്ബിലേക്ക് തിബോ കോർട്ടുവ തിരിച്ചെത്തുന്നു. സ്‌പോർട്‌സ്, മീഡിയ, ടെക്‌നോളജി നിക്ഷേപ പ്ലാറ്റ്‌ഫോമായ NXTPLAY വഴി ക്ലബ്ബിൽ മൈനോറിറ്റി നിക്ഷേപം നടത്തിക്കൊണ്ടാണ് കോർട്ടുവയുടെ ഈ മടക്കയാത്ര.
തിങ്കളാഴ്ച നടന്ന ജെങ്കിന്റെ ജനറൽ അസംബ്ലിയിലാണ് നിക്ഷേപം ഔദ്യോഗികമായി അംഗീകരിച്ചത്. ഈ വർഷം ക്ലബ്ബിന്റെ ഫുട്ബോൾ പ്രവർത്തനങ്ങൾ പ്രത്യേക ഫുട്ബോൾ കമ്പനിയാക്കി മാറ്റിയതിന് ശേഷമുള്ള ആദ്യത്തെ പുറത്തുനിന്നുള്ള നിക്ഷേപകനാണ് കോർട്ടുവ.
ലെ മാൻസ് എഫ്‌സി (Le Mans FC), സിഡി എക്‌സ്ട്രീമഡുറ (CD Extremadura) എന്നിവയിലുള്ള നിക്ഷേപങ്ങൾക്ക് പുറമെയാണ് NXTPLAY ഇപ്പോൾ ജെങ്കിനെയും തങ്ങളുടെ ഫുട്ബോൾ പോർട്ട്‌ഫോളിയോയിൽ ഉൾപ്പെടുത്തുന്നത്. കോർട്ടുവയുടെ സഹസ്ഥാപകത്വത്തിൽ പ്രവർത്തിക്കുന്ന പ്ലാറ്റ്‌ഫോമാണ് NXTPLAY.
ഈ നിക്ഷേപത്തെ തന്റെ കരിയറിലെ സവിശേഷമായ നിമിഷമായാണ് കോർട്ടുവ വിശേഷിപ്പിച്ചത്.
“ഞാൻ ജീവിതത്തിലുടനീളം മികച്ച പ്രകടനങ്ങൾക്കായി പരിശ്രമിച്ചിട്ടുണ്ട്. കെആർസി ജെങ്കിൽ അതേ അഭിനിവേശവും ലക്ഷ്യബോധവുമാണ് ഞാൻ കാണുന്നത്. ഈ നിക്ഷേപം വീട്ടിലേക്ക് തിരിച്ചെത്തുന്നതുപോലെ അനുഭവപ്പെടുന്നു. ക്ലബ്ബിന്റെ വളർച്ചയ്ക്കും കായികപരമായ ലക്ഷ്യങ്ങൾക്കും കരുത്തുപകരാൻ ഈ പങ്കാളിത്തത്തിലൂടെ ഞാൻ ആഗ്രഹിക്കുന്നു. ലിംബർഗിൽ നിന്ന് യൂറോപ്പിന്റെ ഉന്നതിയിലേക്ക് ക്ലബ്ബിനെ എത്തിക്കുകയാണ് ലക്ഷ്യം,” കോർട്ടുവ പറഞ്ഞു.
വരും വർഷങ്ങളിൽ ബെൽജിയൻ ക്ലബ്ബിന് 60 ദശലക്ഷം യൂറോ വരെ സമാഹരിക്കാൻ സഹായകമാകുന്ന ബൃഹത്തായ ദീർഘകാല ക്യാപിറ്റൽ പ്രോഗ്രാമിന്റെ ഭാഗമാണ് ഈ കരാർ.
ഈ പങ്കാളിത്തത്തിലൂടെ ജെങ്കിന്റെ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിൽ NXTPLAY-ക്ക് പ്രാതിനിധ്യം ലഭിക്കും. ഇത് ക്ലബ്ബിന്റെ കായികവും വാണിജ്യപരവുമായ വികസനത്തിൽ തന്ത്രപരമായ പങ്ക് വഹിക്കാൻ കോർട്ടുവയെ സഹായിക്കും.
ജെങ്കിന്റെ ഫുട്ബോൾ വിഭാഗം മേധാവി ദിമിത്രി ഡി കോണ്ടെ നിക്ഷേപത്തെ സ്വാഗതം ചെയ്തു. “കെആർസി ജെങ്കിന്റെ ഭാവി ശക്തമാക്കുന്നതിൽ ഞങ്ങൾ ഇന്ന് ഒരു പ്രധാന ചുവടുവെപ്പ് നടത്തുകയാണ്. ബെൽജിയത്തിലെ മുൻനിര ക്ലബ്ബെന്ന സ്ഥാനം നിലനിർത്തുന്നതിനൊപ്പം അന്താരാഷ്ട്ര തലത്തിലും വളരാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. തിബോയുടെ നിക്ഷേപത്തിലൂടെ വലിയ ഫുട്ബോൾ വൈദഗ്ധ്യമാണ് ക്ലബ്ബിലേക്ക് എത്തുന്നത്,” അദ്ദേഹം പറഞ്ഞു.
“ഞങ്ങളുടെ ബ്രാൻഡിന്റെ അന്താരാഷ്ട്ര മുഖമെന്ന നിലയിൽ, മറ്റുള്ളവർക്ക് തുറന്നുകിട്ടാത്ത പല വാതിലുകളും തിബോയിലൂടെ നമുക്ക് തുറന്നുകിട്ടും. ഇത് കൂടുതൽ ദേശീയ-അന്തർദേശീയ താരങ്ങളെ ക്ലബ്ബിലേക്ക് ആകർഷിക്കാൻ സഹായിക്കും.”
ഈ തീരുമാനം തന്ത്രപരവും വൈകാരികവുമായ ഒന്നാണെന്ന് കോർട്ടുവ വ്യക്തമാക്കി.
“കഴിഞ്ഞ പതിറ്റാണ്ടുകളിൽ കെആർസി ജെങ്ക് നടത്തിയ യാത്ര വളരെ ശ്രദ്ധേയമാണ്. സുസ്ഥിരമായ കായിക-സാമ്പത്തിക അടിത്തറയുള്ള ക്ലബ്ബാണിത്, മികച്ചൊരു അക്കാദമിയുമുണ്ട്. ക്ലബ്ബിന്റെ തുടർവളർച്ചയിൽ പങ്കാളിയാകാൻ ഞാൻ ആഗ്രഹിക്കുന്നു.”
“ഞാൻ വളർന്നത് ഇവിടെയാണ്, ഈ ക്ലബ്ബിന്റെ കരുത്ത് നേരിട്ട് അനുഭവിച്ചറിഞ്ഞ വ്യക്തിയുമാണ്. അതുകൊണ്ട് തന്നെ ഈ നിക്ഷേപത്തിന് തന്ത്രപരമായ മൂല്യത്തിനപ്പുറം വലിയൊരു പ്രതീകാത്മക പ്രാധാന്യം കൂടിയുണ്ട്.”
നിക്ഷേപ പ്രഖ്യാപനത്തോടൊപ്പം, പീറ്റർ ക്രൂണനെ സിഇഒ ആയി സ്ഥിരനിയമനം നടത്തുന്നതുൾപ്പെടെയുള്ള സംഘടനാപരമായ മാറ്റങ്ങളും ഡി കോണ്ടെയുടെ കരാർ 2035 വരെ നീട്ടിയതും ജെങ്ക് സ്ഥിരീകരിച്ചു.

