പി.എസ്.ജി പരിശീലകൻ ലൂയിസ് എൻറിക്കെയെ പ്രശംസിച്ച് തിയറി ഹെൻറി
പി.എസ്.ജി പരിശീലകൻ ലൂയിസ് എൻറിക്കെയുടെ തന്ത്രങ്ങളെയും ടീമിനെ നയിക്കുന്ന രീതിയെയും മുൻ ആഴ്‌സണൽ താരം തിയറി ഹെൻറി പ്രശംസിച്ചു. പി.എസ്.ജിയുടെ പരിശീലകനെന്ന നിലയിൽ ലൂയിസ് എൻറിക്കെയുടെ സമീപനത്തെയാണ് അദ്ദേഹം അഭിനന്ദിച്ചത്.
ശനിയാഴ്ച നടന്ന യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ആഴ്‌സണലിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ (1-1, 4-3) പരാജയപ്പെടുത്തി ഫ്രഞ്ച് ക്ലബ് പി.എസ്.ജി തുടർച്ചയായ രണ്ടാം തവണയും കിരീടം സ്വന്തമാക്കി.
മത്സരശേഷം എൻറിക്കെയുമായുള്ള സംഭാഷണത്തിനിടെ ഹെൻറി ഇങ്ങനെ പറഞ്ഞു: “എംബാപ്പെയുടെ വിടവാങ്ങലിന് ശേഷം ടീം കൂടുതൽ മെച്ചപ്പെടുമെന്നും, ഒരു ടീമായി വളർന്ന് കിരീടങ്ങൾ നേടുമെന്നും നിങ്ങൾ പറഞ്ഞിരുന്നു. അത് പറയുക മാത്രമല്ല, നിങ്ങൾ അത് പ്രാവർത്തികമാക്കുകയും ചെയ്തു. അതും തുടർച്ചയായി. ആത്മവിശ്വാസത്തെ പലരും അഹങ്കാരമായി തെറ്റിദ്ധരിക്കാറുണ്ടെന്ന് ഞാൻ നേരത്തെ പറഞ്ഞിട്ടുണ്ട്.”
“നിങ്ങളുടെ ടീമിൽ എന്താണ് സംഭവിക്കുന്നതെന്നും അത് എവിടേക്കാണ് പോകേണ്ടതെന്നും നിങ്ങൾക്ക് കൃത്യമായി അറിയാം. ഫ്രഞ്ച് ഫുട്ബോളിനായി നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ ശ്രദ്ധേയമാണെന്ന് ഞാൻ പറയട്ടെ. കാരണം, 90-കൾക്ക് ശേഷം ഇത്രയധികം ആത്മവിശ്വാസത്തോടെ കളിക്കുന്ന ഒരു ടീമിനെ യൂറോപ്പിൽ നമ്മൾ കണ്ടിട്ടുണ്ടാവില്ല,” ഹെൻറി കൂട്ടിച്ചേർത്തു.

